പ്ളസ്ടു കോഴ്സ് അനുവദിക്കല്‍ ചൊവ്വാഴ്ച തീരുമാനിക്കും
Thursday, April 24, 2014 11:52 PM IST
തിരുവനന്തപുരം: ജെഎസ്എസ്, സിഎംപി എന്നീ കക്ഷികളെ യുഡിഎഫില്‍ തുടരാന്‍ അനുവദിക്കുന്നതു സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിനു മുമ്പു കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കും. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇരുകക്ഷികളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നില്ല.

അടുത്ത ചൊവ്വാഴ്ച വൈകുന്നേരം നാലിനു ചേരുന്ന യോഗത്തില്‍ പ്ളസ്ടു കോഴ്സുകളും ബാച്ചുകളും അനുവദിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വാര്‍ഡ് വിഭജനം, വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കല്‍, പുരയിടമായി മാറിയ നിലം സംബന്ധിച്ച തീരുമാനം, വിലവര്‍ധന തടയുന്നതു സംബന്ധിച്ച നടപടികളെക്കുറിച്ചുള്ള ആലോചനകള്‍ എന്നിവ ചര്‍ച്ചയാകും. ബന്ധപ്പെട്ട മന്ത്രിമാരെയും യോഗത്തിലേക്കു ക്ഷണിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.


വിവാദവിഷയങ്ങളിലെ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ അതതു കക്ഷിനേതാക്കള്‍ മുന്‍കൈയെടുക്കണമെന്നു യോഗത്തില്‍ ധാരണയായി. കോണ്‍ഗ്രസില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിനു കെപിസിസി പ്രസിഡന്റ് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതു മാതൃകയാക്കി മറ്റു കക്ഷികളും നേതാക്കളെ നിയന്ത്രിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊതുവേ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമായിരുന്നു എന്നു യോഗം വിലയിരുത്തി. കുറഞ്ഞതു കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകള്‍ നേടാന്‍ കഴിയുമെന്നു യോഗം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.