കുരുമുളക് വിലയില്‍ റിക്കാര്‍ഡ് കുതിപ്പ് തുടരുന്നു
കുരുമുളക് വിലയില്‍  റിക്കാര്‍ഡ് കുതിപ്പ്  തുടരുന്നു
Thursday, April 24, 2014 11:46 PM IST
കൊച്ചി: കുരുമുളകു വിലയില്‍ റിക്കാര്‍ഡ് കുതിപ്പു തുടരുന്നു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളകു വില ക്വിന്റലിനു 1,500 രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 71,000 രൂപയിലാണു വ്യാപാരം അവസാനിച്ചത്. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉത്പന്നം ശേഖരിക്കുന്നുണ്ട്. അതേസമയം, വിലക്കയറ്റം കണ്ട് ഇറക്കുമതി രാജ്യങ്ങള്‍ രംഗത്തുനിന്നു പൂര്‍ണമായി പിന്‍വലിഞ്ഞു. മലബാര്‍ മുളക് വില ടണ്ണിനു 13,000 ഡോളറിലേക്ക് അടുത്തതാണു യൂറോപ്യന്‍ വാങ്ങലുകരെ അകറ്റിയത്. മറ്റ് ഉത്പാദക രാജ്യങ്ങള്‍ താഴ്ന്ന വിലയ്ക്ക് ഇപ്പോഴും ചരക്കു കയറ്റുമതി നടത്തുന്നുണ്ട്.

ഇതിനിടെ, വിദേശ കുരുമുളക് രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളില്‍ എത്തിയതായി സൂചനയുണ്ട്. വിയറ്റ്നാമില്‍നിന്നുള്ള ചരക്കാണ് ഇറക്കുമതി നടത്തിയിട്ടുള്ളത്. ഇതില്‍ വലിയൊരു പങ്ക് ഓലിയോറസിന്‍ നിര്‍മാതാക്കളാണ് എത്തിച്ചിട്ടുള്ളത്. സംസ്കരിച്ചു മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി. എന്നാല്‍ ഇതില്‍ ചെറിയൊരു പങ്ക് ആഭ്യന്തര മാര്‍ക്കറ്റില്‍ അവര്‍ വിറ്റഴിക്കാനുള്ള സാധ്യതയുണ്ട്. കര്‍ണാടകത്തിലെ കൂര്‍ഗില്‍നിന്നുള്ള തോട്ടമുടമകളും ചരക്കു വിപണിയില്‍ ഇറക്കാന്‍ നീക്കം നടത്തി. അവര്‍ കിലോ 700 രൂപയ്ക്കാണു കുരുമുളക് വാഗ്ദാനം ചെയ്തത്. കൊച്ചിയില്‍ 710 രൂപയിലാണു കുരുമുളകിന്റെ ഇടപാടുകള്‍ നടന്നത്. അണ്‍ഗാര്‍ബിള്‍ഡ് മുളക് വില 690 രൂപയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.