തെരഞ്ഞെടുപ്പു പ്രചാരണം: ചാര്‍ട്ടര്‍ വിമാനക്കമ്പനികള്‍ക്കു നിയന്ത്രണം
Thursday, April 24, 2014 12:11 AM IST
നെടുമ്പാശേരി: തെരഞ്ഞെടുപ്പു പ്രചാരണത്തിനു വിമാനങ്ങള്‍ നല്‍കുന്ന ചാര്‍ട്ടര്‍ വിമാനക്കമ്പനികള്‍ക്കു നിയന്ത്രണം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. വിജ്ഞാപനത്തിലെ പുതിയ നിര്‍ദേശങ്ങള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഇലക്ഷന്‍ കമ്മീഷന്‍, ഡിജിസിഎ എന്നീ ഏജന്‍സികളുടെ അംഗീകാരമുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും വിവരം നല്‍കേണ്ടതാണ്. ഡിജിസിഎക്ക് എല്ലാ തിങ്കളാഴ്ചയും ഷെഡ്യൂള്‍ ചെയ്യാത്ത ഫ്ളൈറ്റുകളുടെ വിവരങ്ങളും നല്‍കണം. തെരഞ്ഞെടുപ്പു കമ്മീഷന്റെ എതിര്‍പ്പ് ഉണ്െടങ്കില്‍ സര്‍വീസ് അനുവദിക്കുന്നതല്ല. ഡിജിസിഎ ഉദ്യോഗസ്ഥര്‍ ചാര്‍ട്ടര്‍ വിമാനക്കമ്പനികളില്‍ ഏതു സമയത്തും മിന്നല്‍ പരിശോധന നടത്തും. ഇതുസംബന്ധിച്ച് രാജ്യത്തെ പ്രമുഖ എയര്‍ ചാര്‍ട്ടര്‍ സ്ഥാപനങ്ങളായ ജിന്‍ഡാള്‍ ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി, എസ്ആര്‍സി ഏവിയേഷന്‍, പുനാവാല ഏവിയേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. തകരാറിലായ വിമാനങ്ങള്‍ സര്‍വീസിനു വിട്ടുകൊടുക്കരുതെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.