മുഖപ്രസംഗം: കുരുക്കു മുറുക്കുന്ന മയക്കുമരുന്നു മാഫിയ
Thursday, April 24, 2014 11:14 PM IST
മദ്യവിപത്തിന്റെ കൊടിയ ദുരിതങ്ങള്‍ പേറുന്ന കേരളം അതിനേക്കാള്‍ ഭയാനകമായ മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണോ? കഴിഞ്ഞ കുറേ മാസങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്നുപയോഗവും മയക്കുമരുന്നു കടത്തുമായും ബന്ധപ്പെട്ട നിരവധി കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടു. നഗരങ്ങളിലെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവുകച്ചവടം മുതല്‍ കോടിക്കണക്കിനു രൂപ വിലവരുന്ന ഹാഷിഷിന്റെയും ബ്രൌണ്‍ ഷുഗറിന്റെയുമൊക്കെ കള്ളക്കടത്തുവരെ ഇവിടെ നിര്‍ലോപം നടക്കുന്നതായി കരുതണം. വിമാനയാത്രക്കാരിലൂടെ മയക്കുമരുന്നു വിദേശത്തേക്കു കടത്താനും ശ്രമമുണ്ടായി. കുറേ കച്ചവടക്കാരും കടത്തുകാരും പിടികൂടപ്പെടുന്നുണ്െടങ്കിലും രക്ഷപ്പെടുന്നവരാണു കൂടുതലും. കോടികള്‍ മറിയുന്ന മയക്കുമരുന്നു കടത്തില്‍ ഉന്നത സ്വാധീനമുള്ളവരും സമ്പന്നരുമൊക്കെ പങ്കാളികളാണെങ്കിലും പലപ്പോഴും കേസില്‍ കുടുങ്ങുന്നത് അവരുടെയൊക്കെ ബിനാമികളായിരിക്കും. യഥാര്‍ഥ വില്ലന്‍മാര്‍ രക്ഷപ്പെടുകയാണു പതിവ്.

ഇത്തരം ഇടപാടിന് ഇപ്പോള്‍ വിദ്യാര്‍ഥികളെയും വ്യാപകമായി ഉപയോഗിക്കുന്നുണ്ടത്രേ. എല്‍എസ്ഡി മയക്കുമരുന്നു സ്റിക്കറുകള്‍ വാങ്ങാന്‍ കൊച്ചി കടവന്ത്രയിലെത്തിയ മൂന്നു വിദ്യാര്‍ഥികളെയും ഏജന്റിനെയും എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. കോയമ്പത്തൂരിലെ ഒരു പ്രഫഷണല്‍ കോളജില്‍ പഠിക്കുന്നവരായിരുന്നു ഈ മൂന്നു വിദ്യാര്‍ഥികളും. ഇവര്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് സംഘം നടത്തിയ ചോദ്യംചെയ്യലില്‍ വ്യക്തമായി. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പല പ്രധാന നഗരങ്ങളിലും മയക്കുമരുന്നു മാഫിയയുടെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാന്‍സ് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇത് എത്തിച്ചുകൊടുക്കാന്‍ പ്രത്യേക ഏജന്റുമാരുണ്ടത്രേ. നല്ല കുടുംബപശ്ചാത്തലമുള്ളവരും കാഴ്ചയില്‍ സംശയമൊന്നും ജനിപ്പിക്കാത്തവരുമായ ധാരാളം ചെറുപ്പക്കാര്‍ മയക്കുമരുന്നു സംഘങ്ങളില്‍ ചെന്നുപെടുന്നു. പലരും കൂട്ടുകാരുടെ പ്രലോഭനങ്ങള്‍ക്കു വഴങ്ങിയാണ് അപകടക്കുഴികളില്‍ ആദ്യം ചാടുക. പിന്നീട് അവിടെനിന്നു കരകയറാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും.

അട്ടപ്പാടിയില്‍നിന്നു കഞ്ചാവു കൊണ്ടുവന്നു മൊത്തവില്പന നടത്തുന്ന ഒരു സംഘത്തിലെ പ്രധാനികളെ രണ്ടുമാസം മുമ്പു മലപ്പുറം കാളികാവില്‍ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇതിനു രണ്ടാഴ്ച മുമ്പാണു നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പാറയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 89 കിലോഗ്രാം കഞ്ചാവ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ റെയ്ഡില്‍ കണ്െടത്തിയത്. കഞ്ചാവ് ഒരു കിലോഗ്രാം പായ്ക്കറ്റുകളാക്കി വിവിധ സ്ഥലങ്ങളിലേക്കു കടത്താനായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. വേദനസംഹാരി ഗുളികകളുടെ രൂപത്തിലുള്ള മയക്കുമരുന്ന് ഏതാനും മാസം മുമ്പു തലശേരി നഗരത്തിലെ വിദ്യാലയങ്ങള്‍ക്കു സമീപത്തുനിന്നു പിടിച്ചെടുത്തിരുന്നു. കാന്‍സര്‍ രോഗത്തിന്റെ അവസാന ഘട്ടത്തില്‍ രോഗികള്‍ക്കു നല്‍കുന്ന ഗുളികകളും മയക്കുമരുന്നിനു പകരമായി ഉപയോഗിക്കുമായിരുന്നവത്രേ. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ നല്‍കാത്ത മരുന്നുകള്‍പോലും ഇവരുടെ പക്കലുണ്ടായിരുന്നു. കോളജ് കാമ്പസില്‍ മയക്കുമരുന്നു വിതരണത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിന് എറണാകുളം മഹാരാജാസ് കോളജില്‍ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയെ കോളജിനുള്ളില്‍വച്ചു വെട്ടി പരിക്കേല്പിച്ച സംഭവം അടുത്ത നാളില്‍ നടന്നതാണ്. മയക്കുമരുന്നു മാഫിയയ്ക്കെതിരേ കോളജ് അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കാന്‍ മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥിക്കാണു വെട്ടേറ്റത്.


കഞ്ചാവ്-മയക്കുമരുന്നു മാഫിയകളുമായി ബന്ധപ്പെട്ടവര്‍ എന്ത് അതിക്രമവും ചെയ്യാന്‍ മടിക്കാത്തവരാണ്. തങ്ങള്‍ ചെയ്യുന്നതു ഗുരുതരമായൊരു നിയമലംഘനമാണെന്ന് അറിയാത്തവരും ഇക്കൂട്ടത്തിലുണ്ടാകാം. എന്നാല്‍, എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളും മറ്റും ഇതിന്റെ കാരിയര്‍മാരായി മാറുമ്പോള്‍ അവര്‍ക്ക് ഈ കുറ്റകൃത്യത്തിന്റെ ഗൌരവത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നു പറയാനാവുമോ? അരൂരില്‍ ക്ളിനിക്കിന്റെ മറവില്‍ മയക്കുമരുന്നു വ്യാപാരം നടത്തിയെന്ന കേസില്‍ ഡോക്ടറുള്‍പ്പെട്ട സംഘത്തിനെതിരേയുള്ള കുറ്റപത്രം കഴിഞ്ഞ മാസമാണു കോടതിയില്‍ സമര്‍പ്പിച്ചത്.

കൊലക്കേസ് പ്രതികളും അറിയപ്പെടുന്ന ഗുണ്ടകളുമൊക്കെ ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എളുപ്പം പണമുണ്ടാക്കാനുള്ള മാര്‍ഗമായി മയക്കുമരുന്നുകടത്തിനെ കാണുന്നു. പിടികൂടപ്പെട്ടില്ലെങ്കില്‍ വന്‍തുക കൈയിലാവും എന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. പിടികൂടിയാല്‍ ജയിലില്‍ കഴിയാനും ഇവര്‍ക്കു മടിയില്ല. ഇത്തരം സ്ഥിരം കുറ്റവാളികളെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ നിരന്തര നിരീക്ഷണത്തിനു വിധേയരാക്കാനൊന്നും കേരളത്തില്‍ ഫലപ്രദമായ സംവിധാനമില്ല. മുംബൈയിലെ മയക്കുമരുന്നു സംഘങ്ങളുമായും കേരളത്തില്‍നിന്നുള്ളവര്‍ക്കു ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂര്‍ നഗരത്തില്‍നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി പിടികൂടപ്പെട്ടവരില്‍ ഒരാള്‍ക്ക് മുംബൈയിലെ മയക്കുമരുന്നു ലോബിയുമായി ബന്ധമുണ്ടായിരുന്നുവെന്നു പോലീസ് കണ്െടത്തിയിരുന്നു.

മയക്കുമരുന്നുപയോഗത്തിന്റെ വ്യാപനം സമൂഹത്തെ വലിയ അപകടത്തിലേക്കാണു നയിക്കുന്നത്. അന്യസംസ്ഥാനങ്ങളിലേക്കു പഠിക്കാന്‍ പോകുന്ന കുട്ടികള്‍ ഇത്തരം ചില കെണികളില്‍ ചെന്നുപെടുന്നതു സാധാരണമായിരിക്കുന്നു. കെണിയില്‍ പെടുന്നവരും പെടുത്തുന്നവരുമുണ്ട്. പണമുണ്ടാക്കാനും മയക്കുമരുന്നു നല്‍കുന്ന ആപത്കരമായ സുഖാനുഭൂതി നുകരാനുമൊക്കെ വിദ്യാര്‍ഥികളും ചെറുപ്പക്കാരും കൂടുതലായി എത്തുമ്പോള്‍ അതുയര്‍ത്തുന്ന ഗരുതരമായ ഭീഷണി കണ്ടില്ലെന്നു നടിക്കാന്‍ സമൂഹത്തിനും ഭരണകൂടത്തിനും സാധിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.