മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കോണ്‍ഗ്രസും സര്‍ക്കാരും ഒരുമിച്ചിറങ്ങുന്നു
മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കോണ്‍ഗ്രസും സര്‍ക്കാരും ഒരുമിച്ചിറങ്ങുന്നു
Wednesday, April 23, 2014 12:10 AM IST
തിരുവനന്തപുരം: മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു മുഖ്യമന്ത്രി യുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രത്യേക സംവിധാനം രൂപവത്കരിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതോടൊപ്പം മദ്യത്തിനെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനം കേരളത്തി ലെ കോണ്‍ഗ്രസിന്റെ കര്‍മപദ്ധതിയായി ഏറ്റെടുക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മദ്യനിരോധനം സംബന്ധിച്ച തീരുമാനത്തിലേക്ക് എടുത്തുചാടില്ല. അതേസമയം, മദ്യ ഉപഭോഗം കുറയ്ക്കണമെന്ന യുഡിഎഫിന്റെ പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനില്‍ക്കും. യോഗത്തില്‍ ഉച്ചകഴിഞ്ഞു നാലര മണിക്കൂര്‍ ചര്‍ച്ച ചെയ്തത് മദ്യനയത്തെക്കുറിച്ചും മദ്യത്തിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുമായിരുന്നെന്നും ഇന്നു ചേരുന്ന പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തിലും ഉച്ചകഴിഞ്ഞു നട ക്കുന്ന യുഡിഎഫ് യോഗത്തിലും മദ്യനയം സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാടുകള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ 418 ബാറുകളുടെ കാര്യത്തിലടക്കം പാര്‍ട്ടിയുടെ നിഗമനങ്ങള്‍ യുഡിഎഫ് യോഗത്തില്‍ അവതരിപ്പിച്ച് അന്തിമ തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നതും കള്ളുഷാപ്പുകളുടെ എണ്ണം കുറച്ചതുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ മദ്യവിരുദ്ധ നിലപാടിന് ഉദാഹരണമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

പ്രതിശീര്‍ഷ മദ്യഉപഭോഗത്തില്‍ പ്രതീക്ഷിച്ചത്ര കുറവുണ്ടാക്കാന്‍ ഇപ്പോഴും സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല. കേരളം ഉണ്ടാക്കിയെടുത്ത ഏതു നേട്ടത്തെയും നിഷ്പ്രഭമാക്കുന്നതാണിത്. മദ്യ ഉപഭോഗം ചെറുക്കാന്‍ സമഗ്രമായ മദ്യനയവും ഫലപ്രദമായ നിയമ നടപടികളും ഉണ്ടാകണം. ഇതിനു പുറമേ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും അനിവാര്യമാണ്. മദ്യ ഉപഭോഗത്തിന്റെ രൂക്ഷത കണക്കിലെടുത്തു ജനപങ്കാളിത്തത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തി സമൂഹത്തെ രക്ഷിക്കാന്‍ കൂട്ടായ പരിശ്രമം വേണം. ഇതിനായി ഔദ്യോഗിക-അനൌദ്യോഗിക തല ത്തില്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദവും സമഗ്രവും വിപുലവുമായ പ്രവര്‍ത്തന പരിപാടികളുമായി മുന്നോട്ടുപോകും.


മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എക്സൈസ്, ആഭ്യന്തരം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം, സാമൂഹികക്ഷേമം എന്നീ വകുപ്പുകളും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളും ഏകോപിപ്പിച്ചു മുന്നോട്ടു പോകുന്ന സംവിധാനത്തിനു രൂപം നല്‍കാന്‍ തീരുമാനിച്ചു. ഇതു മുഖ്യമന്ത്രിയും അംഗീകരിച്ചു.

ഇതോടൊപ്പം പഞ്ചായത്ത് ആക്റ്റിലും നിയമത്തിലും പറഞ്ഞിട്ടുള്ള രീതിയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണം. വാര്‍ഡ് കൌണ്‍സില്‍, ഗ്രാമസഭകള്‍ എന്നിവ ഉള്‍പ്പെടുത്തി വിപുലമായ പ്രചാരണത്തിനു പഞ്ചായത്തുകള്‍ തയാറാകണം. സാംസ്കാരിക-സാമൂഹ്യ സംഘടനകള്‍ക്കു പുറമേ കെസിബിസി അടക്കമുള്ള പ്രസ്ഥാനങ്ങളെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി സഹകരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

മദ്യവിപത്തില്‍നിന്നു സമൂഹത്തെ രക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വലിയ പങ്ക് വഹിക്കാനാകും. എന്നാല്‍, അവര്‍ അതിനു തയാറാകുന്നില്ല എന്ന തരത്തിലുള്ള വിമര്‍ശനങ്ങളുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനു മുന്‍കൈ എടുക്കാന്‍ കഴിയും.

ഗാന്ധിജിയുടെ കാലം മുതല്‍ മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത പാര്‍ട്ടിയാണു കോണ്‍ഗ്രസ്. സ്വാതന്ത്യ്രസമര കാലത്തെ അനുസ്മരിച്ചു ദിശാബോധത്തോടെ മുന്നോട്ടുപോവുക എന്നതാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. മദ്യാസക്തിക്കെതിരേ ജനങ്ങളെ അണിനിരത്താനും മദ്യവര്‍ജനത്തിനു പ്രേരിപ്പിക്കാനും കോണ്‍ഗ്രസിനു കടമയുണ്ട്. അതിനാല്‍ ഇതു പാര്‍ട്ടിയുടെ കര്‍മപദ്ധതിയായി ഏറ്റെടുക്കുകയാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റുമാരായ എം.എം. ഹസന്‍, വി.ഡി. സതീശന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെ.പി. അനില്‍കുമാര്‍, ട്രഷറര്‍ കരകുളം കൃഷ്ണപിള്ള തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.