ടൂര്‍ കമ്പനി നടത്തി ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍
ടൂര്‍ കമ്പനി നടത്തി ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍
Wednesday, April 23, 2014 12:27 AM IST
കൊച്ചി: എറണാകുളം സൌത്തില്‍ ലഷര്‍ കേരള എന്ന പേരില്‍ ടൂര്‍ കമ്പനി നടത്തി ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി പോലീസ് പിടിയിലായി. പാലക്കാട് വടക്കുംചേരി കാര്യംകാട്ട് വീട്ടില്‍ ഫൈസലിനെ(32) യാണ് എറണാകുളം സൌത്ത് പോലീസ് ഹൈദരാബാദില്‍ നിന്ന് അറസ്റു ചെയ്തത്. ഗള്‍ഫില്‍ ഉന്നത ശമ്പളത്തില്‍ ജോലി ചെയ്തുവരവെയാണ് ഗുരുവായൂര്‍ സ്വദേശിയായ ശശിയുമായി ചേര്‍ന്നു ലഷര്‍ കേരള എന്ന സ്ഥാപനം തുടങ്ങിയത്.

കൊച്ചിയിലും തൃശൂരും കോഴിക്കോടും ഇവര്‍ ഓഫീസ് തുറന്നു. വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പലരില്‍ നിന്നായി 50 ലക്ഷത്തോളം രൂപ ഇവര്‍ പിരിച്ചെടുത്തു. തുടര്‍ന്ന് സ്ഥാപനം പൂട്ടി മുങ്ങി. കഴിഞ്ഞ എട്ടു മാസമായി ഫൈസല്‍ പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ തൃശൂര്‍, പെരുമ്പാവൂര്‍, സ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. തട്ടിയെടുത്ത പണമുപയോഗിച്ച് ഗോവയില്‍ ഇയാള്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങുകയും കന്യാകുമാരിയില്‍ റിസോര്‍ട്ട് പാട്ടത്തിനെടുക്കുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലും ഇയാള്‍ വസ്തുവകകള്‍ വാങ്ങികൂട്ടിയിട്ടുണ്ട്്.

2011 ല്‍ ആലപ്പുഴ സ്വദേശിനിയായ സ്ത്രീയുമായി പരിചയപ്പെട്ട ഇയാള്‍ അവരുമായി ഒളിച്ചോടി. തുടര്‍ന്ന് ഈ സ്ത്രീയ്ക്കൊപ്പം ഏര്‍വാടിയല്‍ കഴിഞ്ഞുവരവെ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഒരാളെ പരിചയപ്പെട്ടു. ഇയാള്‍ ഫൈസലിനെ കോഴിക്കോട്ടേക്ക് കൊണ്ടുവരികയും വീടും മറ്റു സൌകര്യങ്ങളും ഒരുക്കികൊടുക്കുകയും ചെയ്തു. കോഴിക്കോട് എസ്പിയായി ഉടന്‍ ചാര്‍ജെടുക്കുമെന്നാണ് ഇയാള്‍ അവിടെയുള്ള ആളുകളോട് പറഞ്ഞിരുന്നത്. ഇതറിഞ്ഞ് അയല്‍വാസിയായ പോലീസുകാരന്‍ ഫൈസലിനെ പരിചയപ്പെടാന്‍ വന്നു. എന്നാല്‍ ഫൈസലിന്റെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയ ഇദ്ദേഹം വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ഫൈസലിനെ പോലീസ് അറസ്റു ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് ഐപിഎസ് എംബ്ളവും യൂണിഫോമും അന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.


കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഐപിഎസ് ചമഞ്ഞ് ഓഫീസിലേക്കാണെന്നു പറഞ്ഞ് പൊന്നാനിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ നിന്നും ഫര്‍ണിച്ചര്‍ വാങ്ങി തട്ടിപ്പ് നടത്തിയതായും എസ്പിയുടെ അധികാരമുപയോഗിച്ച് ഹജ്ജ് യാത്ര തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പൊന്നാനി സ്വദേശിനിയായ ഒരു യുവതിയില്‍ നിന്ന് ഒന്നരഗ്രാം സ്വര്‍ണവും 30,000 രൂപയും തട്ടിയെടുത്തതായും ഇയാള്‍ സമ്മതിച്ചു. ഇതിന് പൊന്നാനി സ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് കോടതികളില്‍ ഇയാള്‍ക്കെതിരെ വാറണ്ടും നിലവിലുണ്ട്. കാര്‍ ഡ്രൈവിംഗില്‍ വിദഗ്ധനായ ഇയാള്‍ കോയമ്പത്തൂരില്‍ വച്ച് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. മുംബൈയില്‍ സിക്കുകാരനായും ഹൈദരാബാദില്‍ പള്ളിയിലെ ഇമാമിന്റെ വേഷത്തിലും നടന്നിരുന്നതായി ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി, തൃക്കാക്കര അസിസ്റന്റ് കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം സൌത്ത് സിഐ സിബി ടോം, എസ്ഐ വി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനസ്, രാജേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റു ചെയ്തത്. ഇയാള്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.