എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്നു കേളികൊട്ട്
എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്നു കേളികൊട്ട്
Wednesday, April 23, 2014 12:24 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കൊച്ചി നഗരത്തിന് ഇനി അഞ്ചുനാള്‍ കലയുടെ രംഗോത്സവം. എംജി സര്‍വകലാശാല കാമ്പസ് പ്രതിഭകള്‍ മത്സരിക്കുന്ന കേളി 2014 കലോത്സവത്തിന് ഇന്നു തിരിതെളിയും.

വൈകുന്നേരം നാലിനു ഡര്‍ബാര്‍ ഹാള്‍ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. 27 വരെ നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ 289 കോളജുകളില്‍ നിന്നായി 8,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പ്രധാനവേദിയായ ഡര്‍ബാര്‍ ഹാള്‍ മൈതാനത്തിനു പുറമെ സെന്റ് തെരേസാസ് ഓഡിറ്റോറിയം, മഹാരാജാസ് ഹോക്കി ഗ്രൌണ്ട്, ജി. ഓഡിറ്റോറിയം, ഗവ. ലോ കോളജ് എന്നിവിടങ്ങളിലായി 52 ഇനങ്ങള്‍ അരങ്ങേറും. ഇന്നു രാത്രി എട്ടുമണിക്കു നടക്കുന്ന തിരുവാതിര മത്സരത്തോടെ കലോത്സവത്തിനു തുടക്കമാകും.

ഇന്നു മൂന്നിന് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ എറണാകുളം, കോട്ടയം, പത്തനംത്തിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അണിനിരക്കും. ഉദ്ഘാടനച്ചടങ്ങില്‍ ചലച്ചിത്രതാരം റീമ കല്ലിങ്കല്‍, പി. രാജീവ് എംപി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

നാളെ കൂടുതല്‍ മത്സരങ്ങള്‍ അരങ്ങേറും. രാവിലെ പത്തുമണിക്കു ഡര്‍ബാര്‍ ഹാളിലെ നെല്‍സണ്‍ മണ്േടല നഗറിലെ വേദിയില്‍ ഫാന്‍സി ഡ്രെസ് മത്സരം തുടങ്ങും. ജനപ്രിയ ഇനങ്ങളായ മിമിക്രി, മൈം, മാര്‍ഗംകളി എന്നിവ അരങ്ങേറുന്നതും ഡര്‍ബാര്‍ ഹാള്‍ മൈതാനത്താണ്. ചെറുകഥാരചന, ഉപന്യാസം, ഇംഗ്ളീഷ് പദ്യപാരയണം, ചലച്ചിത്രനിരൂപണം തുടങ്ങിയ ഇനങ്ങള്‍ക്കു വേദിയാകുന്നത് ലോ കോളജ് ഓഡിറ്റോറിയമാണ്. 27നു രാത്രി എട്ടിനു ഡര്‍ബാര്‍ ഹാള്‍ മൈതാനത്തു നടക്കുന്ന സമാപനസമ്മേളനത്തോടെ കലോത്സവത്തിനു തിരശീല വീഴും.


എന്നാല്‍ മത്സരങ്ങള്‍ സംബന്ധിച്ച് ചിത്രം ഇനിയും വ്യക്തമാകാത്തത് മത്സരാര്‍ഥികളെയും അധ്യാപകരെയും വിഷമിപ്പിക്കുന്നുണ്ട്. വോട്ടിംഗ് സാമഗ്രികള്‍ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ മഹാരാജാസ് കോളജും ഓഡിറ്റോറിയവും മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ല. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കു താമസസൌകര്യത്തിനും മറ്റുമായി മുന്‍വര്‍ഷങ്ങളില്‍ മഹാരാജാസിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇത്തവണ അതു സാധിക്കാത്തത് കലോത്സത്തിനെത്തുന്ന മത്സരാര്‍ഥികളെ വലയ്ക്കും. കോളജുകളോട് സ്വന്തം നിലയില്‍ താമസസൌകര്യമൊരുക്കാനാണു സംഘാടകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.