മഹത്വത്തിന്റെ പാത
മഹത്വത്തിന്റെ പാത
Sunday, April 20, 2014 12:52 AM IST
മണ്ണില്‍നിന്നു മഹത്വത്തിലേക്ക് / ഫാ. ഡാനി കപ്പൂച്ചിന്‍ (തില്ലേരി ആശ്രമം, കൊല്ലം)-47

ഈസ്റര്‍ മംഗളങ്ങള്‍!

ഉണര്‍വിന്റെയും പ്രത്യാശയുടെയും പൊന്‍പുലരിയിലേക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനംപോലെ പ്രത്യാശ പകരുന്ന മറ്റൊരു ധ്യാനവും നമുക്കില്ല. മനുഷ്യന് സങ്കല്‍പിക്കാനാവാത്തവിധം ദുഃസഹമായ പീഡകള്‍ക്കുപോലും ഒരു ശുഭകരമായ അവസാനമുണ്ട്. ക്രിസ്തുവിന്റെ ഉത്ഥാനവഴികള്‍ ധ്യാനിച്ചുകൊണ്ട് നമുക്കും ജീവിതമാരംഭിക്കാം.

മഹത്വത്തിന്റെ പാത എന്ന പൊതുശീര്‍ഷകത്തിന്‍കീഴിലാണ് നമ്മുടെ നോമ്പുകാല വിചിന്തനങ്ങള്‍ മുഴുവനും അവതരിപ്പിക്കപ്പെട്ടത്. ദീപിക ഈ വിചാരങ്ങള്‍ക്കു കൊടുത്ത തലക്കെട്ട് ഏറെ ആഴമുള്ളതാണ്. തപസിന്റെയും കുരിശിന്റെയും വഴികളെ മഹത്വത്തിന്റെ പാതയെന്നുതന്നെയാണ് വിളിക്കേണ്ടത്. ആ തലക്കെട്ടിനോടു ചേര്‍ന്നുനില്‍ക്കുന്ന ചിത്രമൊന്ന് നോക്കുക. മലമുകളിലേക്ക് നീണ്ടുപോകുന്ന കാല്‍പാടുകള്‍. ഒടുവില്‍ പാദമുദ്രകള്‍ മലമുകളില്‍ അവസാനിക്കുന്നിടത്തുനിന്ന് ഒരു പ്രകാശം മുകളിലേക്ക് കുതിക്കുന്നു. ഇതിലും മനോഹരമായി എങ്ങനെയാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ ചിത്രീകരിക്കുക.

മനുഷ്യനെ അമ്പരപ്പിക്കുന്ന ഉയിര്‍പ്പിനു പിന്നില്‍ ഒരുപാട് കാല്‍പാടുകളുണ്ട്. ഉയിര്‍പ്പിന്റെ അടയാളങ്ങള്‍ ഈ മണ്ണില്‍ത്തന്നെയാണ്. അത് ഒരുനിമിഷംകൊണ്ട് സംഭവിച്ചതല്ല. ഒരു യാത്രയുടെ പൂര്‍ണതയും മഹത്വവുമാണ്. ഒരു തച്ചനായി അവന്‍ ഈ മണ്ണിലൂടെ നടന്നു. പിന്നെ നടന്നുകയറിയത് മരുഭൂമിയിലേക്ക്. മണലില്‍ കാല്‍പാടുകള്‍ തീര്‍ത്ത് പിന്നെയും നടന്ന് പ്രാര്‍ഥനകളുടെ മലമുകളിലെത്തി. കടലിനു മീതെയും അവന്‍ നടന്നു. ജലത്തില്‍പോലുമുണ്ട് അവന്റെ കാല്‍പാടുകള്‍. ഭൂമിയിലെ എല്ലാ ദൂരങ്ങളും താണ്ടി ഒടുവില്‍ കാല്‍വരിയുടെ നെറുകയിലേക്കു കയറി. അവിടെനിന്നും കുരിശിലേക്ക്. പിന്നെ മെല്ലെ മേഘങ്ങള്‍ക്കിടയിലേക്ക് പദംവച്ച് ആകാശത്തിലൂടെ നടന്നുപോയി. ആ മഹത്വത്തിന്റെ യാത്രയുടെ വഴികളില്‍ ഉടനീളം കാല്‍പാടുകള്‍. ആകാശത്തും കാല്‍വരിയിലും ജലത്തിലും മണലിലുമൊക്കെ അവന്റെ കാല്‍പാടുകള്‍. മണല്‍വഴികളിലൂടെ നീളുന്ന മഹത്വത്തിലേക്കുള്ള യാത്ര. മണ്ണില്‍നിന്നുയര്‍ന്നുപൊങ്ങി വളര്‍ന്നുനില്‍ക്കുന്ന ചെടിയുടെ മുകളില്‍ വിടരുന്ന പൂവ് പോലെയാണിത്. പുനരുത്ഥാനത്തിന്റെ വേരുകള്‍ മണ്ണിലാണ്.


പുനരുത്ഥാനത്തിന്റെ പ്രഭ ഭൂമിയിലെ ജീവിതവഴികളെക്കുറിച്ച് സംസാരിക്കുന്നു. അര്‍ഥപൂര്‍ണമായ അധ്വാനങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും നടക്കാന്‍തന്നെ വീണ്ടും വിളിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റിട്ടും മടങ്ങിയെത്തിയ ക്രിസ്തു ആണിപ്പഴുതുകള്‍ അവശേഷിപ്പിച്ചിരുന്നു. ഉയിര്‍പ്പിന്റെ അടയാളം ആ മുറിപ്പാടുകളായിരുന്നു. ഈ മുറിവുകള്‍ക്കു മീതേ ഉയര്‍ന്നതാണ് ഉയിര്‍പ്പെന്ന് അവന്‍ പഠിപ്പിച്ചു. പിന്നെ അവരും അവനുവേണ്ടി മുറിവേറ്റു. കുരിശുമരണത്തോളം അവരും ഈ ഭൂമിക്കു മീതേ നടന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തെ അതിജീവിച്ച് മുകളിലേക്കു പറക്കുന്ന പക്ഷിയെപ്പോലെ ആയിരുന്നു അവര്‍. അവരെല്ലാം അവനുവേണ്ടി ജീവന്‍പോലും ത്യജിച്ചു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ അടയാളം ശൂന്യമായ കല്ലറയല്ല. കുരിശില്‍ മരിച്ച ക്രിസ്തുവിനുവേണ്ടി അവന്റെ ശിഷ്യന്മാരെല്ലാവരും മരിച്ചുവെന്നതാണ്. ക്രിസ്തു അവര്‍ക്കു മധ്യേ സജീവസാന്നിധ്യമായിരുന്നു.

ഈ ഭൂമിയുടെ മണ്‍വഴികളിലൂടെ ഇടറാതെ നടന്നു പുനരുത്ഥാനത്തിനു നമുക്ക് സാക്ഷ്യംവഹിക്കാം. ആണിപ്പഴുതുകളുമായി അവന്‍ നമ്മുടെ തൊട്ടടുത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.