സിദ്ദിഖ് 8,000 വോട്ടിനു വിജയിക്കുമെന്നു കാസര്‍ഗോഡ് ഡിസിസി
സിദ്ദിഖ് 8,000 വോട്ടിനു വിജയിക്കുമെന്നു കാസര്‍ഗോഡ് ഡിസിസി
Sunday, April 20, 2014 12:47 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖ് നേരിയ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നു ഡിസിസിയുടെ റിപ്പോര്‍ട്ട്. സിദ്ദിഖ് 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്നാണു ഡിസിസി നേതൃത്വം കെപിസിസിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലായി എല്‍ഡിഎഫിന് 40,000 മുതല്‍ 45,000 വരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണു കണക്കാക്കിയിട്ടുള്ളത്. തൃക്കരിപ്പൂരില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ വോട്ട് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന് 5,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ഉദുമയില്‍ എല്‍ഡിഎഫിന് 2,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചേക്കും.

കാസര്‍ഗോഡ് മണ്ഡലത്തിലാണ് യുഡിഎഫ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ഇവിടെ 45,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണു ഡിസിസി കണക്കുകൂട്ടുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു. ഇങ്ങനെയാണ് 8,000 വോട്ടിന്റെ ഭൂരിപക്ഷം ഡിസിസി പ്രവചിക്കുന്നത്. കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ മുന്‍ തെരഞ്ഞെടുപ്പുകളിലേതുപോലെ എല്‍ഡിഎഫിനു കള്ളവോട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.


പി. കരുണാകരനെ മൂന്നാം തവണയും സ്ഥാനാര്‍ഥിയാക്കിയതില്‍ ഡിവൈഎഫ്ഐക്കകത്തും ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്െടന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്െടന്നും ഇതു സിപിഎമ്മിന്റെ വോട്ടില്‍ കുറവു വരുത്തുമെന്നും ഫലം സിദ്ദിഖിന് അനുകൂലമാകുമെന്നും ഡിസിസി വിലയിരുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.