ഫഹദും ലാലും മികച്ച നടന്‍മാര്‍, ആന്‍ അഗസ്റിന്‍ നടി
ഫഹദും ലാലും മികച്ച നടന്‍മാര്‍, ആന്‍ അഗസ്റിന്‍ നടി
Sunday, April 20, 2014 12:23 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ഒട്ടേറെ പുരസ്കാരങ്ങള്‍ നല്‍കി 2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസിലും ലാലും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടപ്പോള്‍ ആന്‍ അഗസ്റിന്‍ മികച്ച നടിയായി. ദേശീയതലത്തില്‍ മികച്ച നടനായ സുരാജ് വെഞ്ഞാറമൂടിനെ സംസ്ഥാനതലത്തില്‍ മികച്ച ഹാസ്യനടനായി തെരഞ്ഞെടുത്തു.

ആര്‍ട്ടിസ്റ് എന്ന സിനിമ സംവിധാനം ചെയ്ത ശ്യാമപ്രസാദാണു മികച്ച സംവിധായകന്‍. പുതുമുഖ സംവിധായകനായ സുദേവന്റെ ക്രൈം നമ്പര്‍ 89നെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയായി തെരഞ്ഞെടുത്തു. ആര്‍ട്ടിസ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ സ്വാഭാവികവും അനായാസവുമായ അഭിനയമികവിനു ഫഹദ് ഫാസിലും അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ വിഭിന്നസ്വഭാവമുള്ള വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലും മികച്ച നടന്‍മാരായി. ആര്‍ട്ടിസ്റ് എന്ന ചിത്രത്തിലെ സങ്കീര്‍ണ സ്വഭാവമുള്ള കഥാപാത്രത്തെ ഭാവഭദ്രതയോടെ പുനരാവിഷ്കരിച്ച ആന്‍ അഗസ്റിനെ മികച്ച നടിയാക്കി. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലൂടെ കാണികളെ പൊട്ടിച്ചിരിപ്പിച്ചതിനാണു സുരാജ് വെഞ്ഞാറമൂടിനെ മികച്ച ഹാസ്യനടനാക്കിയത്. സുരാജിനെ ദേശീയതലത്തില്‍ മികച്ച നടനാക്കിയ പേരറിയാത്തവര്‍ എന്ന ചലച്ചിത്രം സംസ്ഥാന അവാര്‍ഡ് നിര്‍ണയ സമിതി കാര്യമായി പരിഗണിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നു.

ക്രൈം നമ്പര്‍ 89ലെ അഭിനയത്തിന് അശോക് കുമാറും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യകാ ടാക്കീസ് എന്നീ സിനിമകളിലെ അഭിനയത്തിനു ലെനയും മികച്ച രണ്ടാമത്തെ നടനും നടിയുമായി. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതമാണു മികച്ച രണ്ടാമത്തെ ചിത്രം. ജനപ്രിയവും കലാമൂല്യവും ഉള്ള ചിത്രമായി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തെ തെരഞ്ഞെടുത്തതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജൂറി ചെയര്‍മാന്‍ പി. ഭാരതിരാജയും അറിയിച്ചു.

കന്യകാ ടാക്കീസ് സംവിധാനം ചെയ്ത കെ.ആര്‍. മനോജാണു മികച്ച നവാഗത സംവിധായകന്‍. ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം ഫിലിപ്സ് ആന്‍ഡ് ദ മങ്കിപെന്‍ എന്ന ചിത്രത്തില്‍ ബാലചാപല്യങ്ങള്‍ തന്‍മയത്വത്തോടെ അവതരിപ്പിച്ച സനൂപ് സന്തോഷും അഞ്ചു സുന്ദരികളിലെ നിഷ്കളങ്കമായ ഭാവപ്രകടനത്തിലൂടെ ബേബി അനികയും പങ്കിട്ടെടുത്തു. സക്കറിയയുടെ ഗര്‍ഭിണികളുടെ കഥ പറഞ്ഞ അനീഷ് അന്‍വറാണ് മികച്ച കഥാകൃത്ത്. മുംബൈ പോലീസ് എന്ന സിനിമയുടെ തിരക്കഥ എഴുതിയ ബോബിയും സഞ്ജയും ഈ വിഭാഗത്തിലെ അവാര്‍ഡ് പങ്കിട്ടു.


ഒറീസ എന്ന സിനിമയിലെ ജന്മാന്തരങ്ങളില്‍ നീ എന്‍ മന്ത്രവീണയില്‍.... എന്ന ഗാനം ആലപിച്ച കാര്‍ത്തികും നടന്‍ എന്ന സിനിമയിലെ ഒറ്റയ്ക്കു പാടുന്ന പൂങ്കിയിലേ.... എന്ന പാട്ടു പാടിയ വൈക്കം വിജയലക്ഷ്മിയും മികച്ച പിന്നണി ഗായകനും ഗായികയുമായി. നടനിലെ ഗാനങ്ങളെഴുതിയ പ്രഭാവര്‍മയും ഡോ. മധു വാസുദേവും മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡുകള്‍ പങ്കിട്ടു. ഇതേ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഔസേപ്പച്ചന്‍ മികച്ച സംഗീതസംവിധായകനായി. പശ്ചാത്തല സംഗീതം- ബിജിബാല്‍. മികച്ച കുട്ടികളുടെ ചിത്രം-ഫിലിപ്സ് ആന്‍ഡ് ദ മങ്കിപെന്‍. ഈ ചിത്രം സംവിധാനം ചെയ്ത റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ഈ വിഭാഗത്തിലെ മികച്ച സംവിധായകരായി.

സംസ്ഥാന തലത്തില്‍ മൊത്തമുള്ള 36 അവാര്‍ഡുകളില്‍ 25 എണ്ണവും പുതുതലമുറ സിനിമകള്‍ക്കാണു നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഇക്കുറി 85 സിനിമകളാണ് അവാര്‍ഡ് പരിഗണനയ്ക്കെത്തിയത്. മികച്ച നടന്‍, നടി എന്നിവര്‍ക്ക് 75,000 രൂപ വീതവും സംവിധായകന് ഒരു ലക്ഷവും മികച്ച സിനിമയുടെ നിര്‍മാതാവിനു രണ്ടു ലക്ഷവും സംവിധായകന് ഒരു ലക്ഷവും രണ്ടാമത്തെ നടനും നടിയും ഹാസ്യനടനും ഉള്‍പ്പെടെയുള്ള പ്രധാന അവാര്‍ഡുകള്‍ക്ക് 40,000 രൂപ വീതവും ലഭിക്കും. ഇതോടൊപ്പം പ്രശസ്തിപത്രവും ഫലകവുമുണ്ടാകും.

മറ്റു പ്രധാന അവാര്‍ഡുകള്‍: സുജിത് വാസുദേവ് (ഛായാഗ്രഹണം), കെ. രാജഗോപാല്‍ (ചിത്രസംയോജനം), എം. ബാവ (കലാസംവിധാനം), ഹരികുമാര്‍ മാധവന്‍നായര്‍, രാജീവന്‍ അയ്യപ്പന്‍, എന്‍. ഹരികുമാര്‍ (മൂവരും ശബ്ദലേഖകര്‍), രഘുരാമന്‍ (കളറിസ്റ്), പട്ടണം റഷീദ് (മേക്കപ്പ്മാന്‍), സിജി തോമസ് നോബല്‍ (വസ്ത്രാലങ്കാരം), അമ്പൂട്ടി, ശ്രീജാ രവി (ഡബ്ബിംഗ് ആര്‍ട്ടിസ്റുകള്‍), കുമാര്‍ ശാന്തി (കോറിയോഗ്രാഫര്‍).

പ്രത്യേക ജൂറി അവാര്‍ഡ്: സംവിധാനം-അനീഷ് അന്‍വര്‍ (സക്കറിയയുടെ ഗര്‍ഭിണികള്‍), ഗായിക- മൃദുല വാര്യര്‍ (കളിമണ്ണ്).

പ്രത്യേക ജൂറി പരാമര്‍ശം: സംവിധാനം- സുരേഷ് ഉണ്ണിത്താന്‍ (അയാള്‍), അഭിനയം- സനുഷ (സക്കറിയയുടെ ഗര്‍ഭിണികള്‍, സംഗീത സംവിധാനം- അഫ്സല്‍ യൂസുഫ് (ഇമ്മാനുവേല്‍, ഗോഡ് ഫോര്‍ സെയില്‍), അഭിനയം- കലാഭവന്‍ ഷാജോണ്‍ (ദൃശ്യം).

രചനാവിഭാഗം: സിനിമാ ഗ്രന്ഥം (കാഴ്ചയുടെ സത്യം- എസ്. ജയചന്ദ്രന്‍നായര്‍, ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷങ്ങള്‍- വിജയകൃഷ്ണന്‍).

സിനിമാ ലേഖനം (ദൈവനര്‍ത്തകന്റെ ക്രോധം- ഐ. ഷണ്‍മുഖദാസ്, ചരിത്രത്തെ ചലച്ചിത്രമാക്കിയ മാസ്റര്‍- വി. വിജയകുമാര്‍.).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.