പുരസ്കാര വിസ്മയത്തിലും അച്ഛനെ ഓര്‍ത്തു വിതുമ്പി ആന്‍ അഗസ്റിന്‍
പുരസ്കാര വിസ്മയത്തിലും അച്ഛനെ ഓര്‍ത്തു വിതുമ്പി ആന്‍ അഗസ്റിന്‍
Sunday, April 20, 2014 12:40 AM IST
വി.ആര്‍. ശ്രീജിത്ത്

കൊച്ചി: പുരസ്കാര വിസ്മയം സാകൂതം വാക്കുകളിലേക്കു പകര്‍ത്താന്‍ ശ്രമിക്കവെ, ഓര്‍മകളിലേക്കു പാറി എത്തിയ പിതൃസ്മരണയില്‍ വിതുമ്പിയും ഇടറിയും ആന്‍ അഗസ്റിന്‍ എന്ന നായിക. സിനിമയില്‍ പോലും മകള്‍ കരയുന്നതു കാണാന്‍ കഴിയാത്ത ഒരു അച്ഛന്റെ മകള്‍. അദൃശ്യനായി അച്ഛന്‍ തന്റെ കൂടെ ഇരുന്ന് എല്ലാം കാണുന്നുണ്െടന്ന് ആവര്‍ത്തിച്ച് ആന്‍ പറഞ്ഞുതുടങ്ങി. നടനായ അച്ഛന്‍ അഗസ്റിന്‍, അമ്മ ഹന്‍സമ്മ, ഒപ്പം അഭിനയിച്ചവര്‍... തനിക്കു വഴിവിളക്കുകളായിരുന്നവരെകുറിച്ച് ആന്‍ വാചാലയായി.

തികഞ്ഞ വിസ്മയമായിരുന്നു ആ വാക്കുകളില്‍. അപ്രതീക്ഷിതമായി എത്തിയ പുരസ്കാരം. വാക്കുകളില്‍ അതു വായിച്ചെടുക്കാം. മരടിലെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന്റെ പൂമുഖത്തു തികഞ്ഞ ഔത്സുക്യത്തോടെ ആന്‍ സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ പിതാവിന്റെ സ്മരണയില്‍ അവര്‍ വിതുമ്പി. വാര്‍ത്ത കേള്‍ക്കാന്‍ അച്ഛനില്ലെന്ന ദുഃഖം മിഴികളെ സജലമാക്കി.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ് എന്ന സിനിമയിലൂടെയാണു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആന്‍ അഗസ്റ്റിനെ തേടിയെത്തുന്നത്. തനിക്കു ലഭിച്ച പുരസ്കാരം അച്ഛനും അമ്മയ്ക്കുമുള്ളതാണെന്ന് ആന്‍ പറയുന്നു. നവംബറിലാണ് ആനിന്റെ പിതാവും നടനുമായ അഗസ്റിന്‍ മരിച്ചത്. ജൂണില്‍ ചിത്രം പുറത്തിറങ്ങിയെങ്കിലും അച്ഛന്‍ ചിത്രം കണ്ടിട്ടില്ല. അതില്‍ തനിക്കു വളരെയേറെ വിഷമമുണ്ട്. വാത്സല്യനിധിയായിരുന്നു അച്ഛന്‍. താന്‍ കരയുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം സിനിമ കാണാതിരുന്നത്. അത്രമേല്‍ സെന്‍സിറ്റിവായിരുന്നു അഗസ്റിന്‍.

താന്‍ കരയുന്നത് ഇഷ്മല്ലാത്തതിനാല്‍ മാത്രം അച്ഛന്‍ കാണാതിരുന്ന സിനിമയില്‍ തന്നെ പുരസ്കാരം ലഭിച്ചപ്പോള്‍, അതുകണ്ട് സന്തോഷിക്കാന്‍ അച്ഛന്‍ ഇല്ലാതെ പോയല്ലോയെന്ന് ഓര്‍ത്തപ്പോള്‍ ആനിനു വിതുമ്പല്‍ അടക്കാന്‍ സാധിച്ചില്ല. തെല്ലു മൌനത്തിനുശേഷം അവര്‍ തുടര്‍ന്നു: അച്ഛന്‍ അദൃശ്യനായി തന്റെ കൂടെത്തന്നെയുണ്െടന്നാണു വിശ്വാസം. അത് ആശ്വാസമാണ്. അതിലേറെ കരുത്തും.


ചലച്ചിത്ര മേഖലയില്‍ ഒട്ടേറെ വര്‍ഷമുണ്ടായിരുന്നിട്ടും അച്ഛനു പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. തനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കണമെന്ന് അച്ഛന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അച്ഛന്‍ തന്റെ കൂടെയിരുന്ന് എല്ലാം കണ്ടും കേട്ടും സന്തോഷിക്കുന്നുണ്െടന്നുറപ്പ്. അവാര്‍ഡ് അച്ഛനുള്ള പാരിതോഷികമാണ് - ആന്‍ പറഞ്ഞു.

സത്യത്തില്‍ ഈ പുരസ്കാരം പ്രതീക്ഷിച്ചതല്ല. ശോഭനയും ശ്വേതാ മേനോനുമാണു ജൂറി പരിഗണിച്ച മറ്റു രണ്ടു നടിമാര്‍. ഇവര്‍ വളരെ സീനിയറായതിനാല്‍ തനിക്കത്ര പ്രതീക്ഷ ഇല്ലായിരുന്നു. എന്നാല്‍, തനിക്കാണ് അവാര്‍ഡ് എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം. ഇതില്‍ ഏറെ നന്ദി പറയുന്നത് സിനിമയുടെ സംവിധായകനായ ശ്യാമപ്രസാദിനോടാണ്. കൂടെ അഭിനയിച്ച ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ള ടീം ആര്‍ട്ടിസ്റ് എന്ന സിനിമയ്ക്കു വേണ്ടി വളരെയെറെ പ്രയത്നിച്ചു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തരില്‍നിന്നു മികച്ച പിന്തുണയാണു തനിക്കു ലഭിച്ചത്. യാഥാസ്ഥിതിക ചുറ്റുപാടില്‍നിന്നു വരുന്ന ഒരു ബ്രാഹ്മണ പെണ്‍കുട്ടിയുടെ ജീവിതമാണു പ്രമേയം. അവളുടെ കോളജ് കാലം, പ്രണയം, പിന്നെ കാമുകനും ഒരുമിച്ചുള്ള ജീവിതവും ഒക്കെ സ്പര്‍ശിച്ചു വളരുന്നതാണു കഥാതന്തു. മനോഹരമായും തന്മയത്വത്തോടെയും ആണ് ആര്‍ട്ടിസ്റിലെ ഗായത്രി എന്ന നായിക വേഷം ആന്‍ അഗസ്റിന്‍ അവതരിപ്പിച്ചത്.

എന്നാല്‍, ചിത്രം വേണ്ടത്ര വിജയം നേടാതെ പോയതില്‍ വിഷമമുണ്ട്. സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണു പറഞ്ഞത്. സാധാരണക്കാര്‍ക്കു കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സിനിമയായിരുന്നു അത്.

ആന്‍ അഗസ്റിന്‍ തനിക്കു വഴികാട്ടിയായവരെ നന്ദിയോടെ ഓര്‍മിച്ചെടുക്കുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ തന്നെ സിനിമാലോകത്തെത്തിച്ച സംവിധായകന്‍ ലാല്‍ ജോസ്, നിര്‍മാതാവ് എം. രഞ്ജിത്... അങ്ങനെ നീണ്ടുപോകുന്നു പേരുകള്‍. പുരസ്കാരം തന്റെ കരിയറിനു കൂടുതല്‍ കുതിപ്പു നല്‍കുമെന്ന പ്രതീക്ഷയിലാണ് അടുത്തിടെ വിവാഹിതയായ ഈ ഇരുപത്തി യഞ്ചുകാരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.