പീഡനം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ കേസെടുത്തു
Sunday, April 20, 2014 12:33 AM IST
കോഴിക്കോട്: മുംബൈ സ്വദേശിനിയായ പതിനഞ്ചുകാരിയെ കോഴിക്കോട്ടെ ലോഡ്ജില്‍വച്ചു പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുട ങ്ങി. ഇന്നലെ രാവിലെ പത്തരയോടെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെത്തി കുട്ടിയില്‍നിന്നു ദ്വിഭാഷിയുടെ സഹായത്തോടെ കമ്മീഷന്‍ വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

നേരത്തേ കുട്ടിയില്‍നിന്നു മൊഴിയെടുത്ത വനിതാ എസ്ഐയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്േടാ എന്ന കാര്യവും അന്വേഷിക്കുമെന്നു കമ്മീഷന്‍ അംഗം അഡ്വ.നസീര്‍ ചാലിയം ദീപികയോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു പോലീസിന്റെ ഭാഗത്തുനിന്ന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന കാര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറോട് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും. കഴിഞ്ഞ മൂന്നിനു വനിതാ പോലീസ് സ്റേഷനില്‍ രേഖപ്പെടുത്തിയ മൊഴിയില്‍ കുട്ടിയെക്കൊണ്ട് ഒപ്പിടുവിച്ചില്ലെന്ന കാര്യവും അന്വേഷിക്കും. എസ്ഐക്കു നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക ചൂഷണത്തില്‍നിന്നു കുട്ടികളെ സംരക്ഷിച്ചുകൊണ്ടുള്ള 2012ലെ നിയമമനുസരിച്ച്, പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍നിന്ന് എസ്ഐറാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥ മൊഴിയെടുക്കണമെന്നാണു നിയമം. കുട്ടികള്‍ക്കു പേടി വരാത്ത വിധത്തിലായിരിക്കണം കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കേണ്ടതെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മൊഴിയെടുത്തിട്ടില്ലെന്നാണു കമ്മീഷന് അറിയാനായിട്ടുള്ളത്. ഇക്കഴിഞ്ഞ മൂന്നിനാണു പെണ്‍കുട്ടി വനിതാ പോലീസില്‍ അഭയം തേടിയെത്തുന്നത്. മുംബൈ പനവേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കുട്ടിയുടെ അച്ഛന്റെ ജ്യേഷ്്ഠന്റെ മകനും ഭാര്യയും ചേര്‍ന്നു ബാംഗളൂരിലേക്കു കൊണ്ടുവന്നതായിരുന്നു. ഇവരില്‍നിന്നാണു മലയാളികളായ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ജോലി വാഗ്ദാനം ചെയ്തു കേരളത്തിലേക്കു കൊണ്ടുവന്നത്. കോഴിക്കോട്ടെത്തിയ സംഘം കല്ലായ് റോഡിലുള്ള ലോഡ്ജില്‍ താമസിപ്പിച്ചു പീഡിപ്പിച്ചുവെന്നാണു പരാതി. ഇവരില്‍നിന്നു രക്ഷപ്പെട്ടു റെയില്‍വേ സ്റേഷനടുത്തെത്തിയ കുട്ടി മുംബൈയിലേക്കു പോകണമെന്ന് ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. അദ്ദേഹമാണു കുട്ടിയെ വനിതാ പോലീസില്‍ എത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.