ലോഫ്ളോര്‍ ബസ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു
Sunday, April 20, 2014 12:33 AM IST
കൊച്ചി: കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ എസി ലോഫ്ളോര്‍ ബസുകളില്‍ സീനിയോരിറ്റി പരിഗണിക്കാതെ ഡ്രൈവര്‍മാരെ നിയമിക്കുന്നുവെന്നാരോപിച്ചു സിഐടിയു, എഐടിയുസി യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ സമരം മൂലം ഇന്നലെ 44 എസി ബസുകളുടെ സര്‍വീസ് മുടങ്ങി. ഇന്നലെ വൈകുന്നേരം നാലിന് ഉദ്യോഗസ്ഥരുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയെത്തുടര്‍ന്നു ബഹിഷ്കരണ സമരം പിന്‍വലിച്ചു. സീനിയോറിറ്റി സംബന്ധിച്ചു കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ ലിസ്റ്റിലെ അപാകത പരിഹരിക്കാന്‍ കോടതി തുറക്കുന്ന മുറയ്ക്ക് നടപടിയെടുക്കാന്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.

ഇന്നലെ രാവിലെയാണ് എസി ലോഫ്ളോര്‍ ബസ് ജീവനക്കാര്‍ ഷെഡ്യൂള്‍ ബഹിഷ്കരിക്കല്‍ സമരം ആരംഭിച്ചത്. ഇതോടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വോള്‍വോ എസി ബസ് സര്‍വീസുകള്‍ മുടങ്ങി. അന്‍പത് ലോഫ്ളോര്‍ എസി ബസുകളാണ് എറണാകുളത്ത് സര്‍വീസ് നടത്തുന്നത്. ഇതില്‍ അഞ്ചു ബസുകള്‍ മാത്രമാണ് ഓടിയത്. സമരക്കാരുമായി രാവിലെ 11ന് ഒരുവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരം സോണല്‍ ഓഫീസര്‍, അസിസ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.