മുഖപ്രസംഗം: പ്രത്യാശയുടെ തിരുനാള്‍; സമാധാനത്തിന്റെയും
Sunday, April 20, 2014 11:36 PM IST
അതിക്രൂരമായി നടപ്പാക്കപ്പെട്ട ഒരു വധശിക്ഷയുടെ രംഗങ്ങള്‍ നല്‍കിയ ആഘാതത്തിലായിരുന്നു ജറുസലം പ്രാന്തവാസികള്‍. ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത, മറ്റുള്ളവര്‍ക്കു സ്നേഹം നല്‍കുകയും ഉപകാരങ്ങള്‍ മാത്രം ചെയ്യുകയും ചെയ്തിട്ടുള്ള, ഏതാനും ദിവസം മുമ്പ് ഒരു ജനാവലിയുടെ അകമ്പടിയോടെ രാജാവിനെപ്പോലെ ജറുസലമിന്റെ നഗരവാതില്‍ കടന്നുവന്ന, ഇസ്രയേലിന്റെ രക്ഷകനാകുമെന്നു കരുതപ്പെട്ടിരുന്ന യേശു, ശരിയായൊരു ന്യായവിചാരണപോലും നടത്തപ്പെടാതെ, വ്യക്തമായൊരു കുറ്റമില്ലാതെയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കാല്‍വരിയില്‍ പല വധശിക്ഷകളും നടപ്പാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്ര ക്രൂരമായി നടപ്പാക്കപ്പെട്ട ഒരു ശിക്ഷയില്ല. ന്യായാധിപമന്ദിരത്തിന്റെ അങ്കണം മുതല്‍ കാല്‍വരി വരെ പല ഘട്ടങ്ങളിലായി തല്ലിച്ചതയ്ക്കപ്പെടുകയും കുത്തിത്തുളയ്ക്കപ്പെടുകയും ചെയ്ത ശേഷമായിരുന്നു യേശുവിന്റെ ക്രൂശിക്കല്‍.

അതൊക്കെ കാണുകയോ കേള്‍ക്കുകയോ ചെയ്തവരില്‍ മിക്കവരും കനമുള്ള ഒരു മൌനത്തിലേക്കോ മാന്ദ്യത്തിലേക്കോ വീണിരിക്കണം. കാരണം, ഹൃദയമുള്ളവരെ നടുക്കുന്ന ഘോര രംഗങ്ങളായിരുന്നു അവ. യേശുവിന്റെ ശിഷ്യരെ ആ സംഭവങ്ങള്‍ എത്രമാത്രം തളര്‍ത്തിയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവരെ സംബന്ധിച്ചിടത്തോളം, എല്ലാം തകര്‍ന്നടിഞ്ഞുകഴിഞ്ഞിരുന്നു. മാത്രമല്ല ഭയത്തിന്റെ പിടിയിലുമായിരുന്നിരിക്കണം അവര്‍. കാരണം, പച്ചമരത്തോട് ഇതാകാമെങ്കില്‍ ഉണക്കമരത്തോടും ചില്ലകളോടും എന്തായിക്കൂടാ?

അങ്ങനെ നൈരാശ്യത്തിലും പരാജയത്തിലും ഭയത്തിലും ആണ്ടുകഴിഞ്ഞിരുന്ന ശിഷ്യരുടെ ഇടയിലേക്ക് യേശു വീണ്ടും കടന്നുവന്നു. ഉത്ഥിതനായ യേശു! മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ യേശു തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ, തകര്‍ന്നടിഞ്ഞ അവസ്ഥയിലായിരുന്ന അവര്‍ക്കു ജീവന്‍ തിരിച്ചുകിട്ടിയതുപോലെയായി. നൈരാശ്യത്തില്‍നിന്നു പ്രത്യാശയിലേക്ക്, വഴിമുട്ടിയ അവസ്ഥയില്‍നിന്നു വഴിതുറന്നുകിട്ടിയ സ്ഥിതിയിലേക്ക്, അവര്‍ പെട്ടെന്നു മാറി.

യേശുവിന്റെ ഉയിര്‍പ്പു മനുഷ്യജീവിതത്തിലേക്കു കൊണ്ടുവന്നതു പ്രത്യാശയാണ്. മരണത്തോടെ മനുഷ്യജീവിതം അവസാനിക്കുന്നുവെന്നതു മനുഷ്യന്റെ എല്ലാ നേട്ടങ്ങളെയും വിജയങ്ങളെയും നിഷ്ഫലമാക്കുന്നു. മരണം മനുഷ്യകഥയുടെ അവസാന അധ്യായമല്ലാതാക്കിത്തീര്‍ത്തത് യേശുവാണ്. അവിടുന്നു തന്റെ ഉത്ഥാനത്തിലൂടെയാണ് അതു സാധിച്ചത്.

മറ്റുള്ളവര്‍ക്കുവേണ്ടിയോ സത്യത്തിനുവേണ്ടിയോ മരണം വരിച്ചിട്ടുള്ളവര്‍ പലരുണ്ട്. സോക്രട്ടീസിനെയോ ഏബ്രഹാം ലിങ്കണെയോ ഗാന്ധിജിയെയോപോലെ ഒരു മഹാന്‍ മാത്രമായി യേശുക്രിസ്തു കരുതപ്പെടാത്തത് യേശുവിന്റെ കഥ മരണത്തില്‍ അവസാനിക്കാതിരിക്കുകയും അവിടുന്ന് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തതുകൊണ്ടാണ്. യേശു പുനരുത്ഥാനം ചെയ്തിരുന്നില്ലെങ്കില്‍ അവിടുന്ന് ഒരു ചരിത്രപുരുഷന്‍ മാത്രമാകുമായിരുന്നു. മനുഷ്യനന്മയ്ക്കുവേണ്ടി മരണം വരിച്ച ഒരു നല്ല മനുഷ്യന്‍ എന്നോ നിസ്വാര്‍ഥരായ മനുഷ്യസ്നേഹികളുടെ ഗതി ക്രൂശിക്കപ്പെടലാണെന്നോ മാത്രം പറഞ്ഞ് ആ അധ്യായം നാം അവസാനിപ്പിക്കുമായിരുന്നു. എന്നാല്‍ യേശുവിന്റെ കാര്യം അതല്ലല്ലോ.


ചരിത്രത്തില്‍ മറ്റെത്രയോ മതസ്ഥാപകര്‍ ഉണ്ടായിരിക്കുന്നു. പക്ഷേ അവരാരും ദൈവമായി ആരാധിക്കപ്പെടുന്നില്ല. കാരണം, അവരാരും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല. ഉയിര്‍ത്തെഴുന്നേറ്റ് യേശു സ്വയം ദൈവമായി വെളിപ്പെടുത്തുക മാത്രമല്ല ചെയ്തത്; അതുവഴി മനുഷ്യര്‍ക്കെല്ലാം ഉയിര്‍പ്പ് സാധ്യമാക്കുകയും ചെയ്തു. മനുഷ്യജീവിതത്തിന് എന്നേക്കുമായി പ്രത്യാശ പകരുകയും ചെയ്തു.

ഓക്ക് മരത്തിന്റെ ഒരു കുറ്റിത്തടി നാമ്പിടുന്ന ചിത്രവും അതോടൊപ്പം 'റെവിറേസ്കോ' എന്ന ലാറ്റിന്‍ പദവും ചേര്‍ത്തു കലാകാരന്മാര്‍ പ്രത്യാശയുടെ പ്രതീകം വരയ്ക്കാറുണ്ട്. “ഞാന്‍ വീണ്ടും എഴുന്നേല്‍ക്കും എന്നാണ് ആ ലാറ്റിന്‍ പദസമുച്ചയത്തിന്റെ അര്‍ഥം. മുറിച്ചിട്ടാലും ആ മുറിപ്പാടില്‍നിന്ന് ഓക്ക് മരക്കുറ്റിക്ക് നാമ്പു കിളിര്‍ക്കും. മുറിച്ചാലും നാമ്പെടുക്കുന്ന ഓക്ക് മരക്കുറ്റി പ്രതിസന്ധികള്‍ക്കു മീതേ ഉയരുന്ന പ്രത്യാശയുടെ പ്രതീകമാണ്. മനുഷ്യജീവിതത്തില്‍നിന്നു പ്രത്യാശ എടുത്തുമാറ്റിക്കഴിഞ്ഞാല്‍ ജീവിതം ശൂന്യമാകും. വേദനകളും ദുരിതങ്ങളും പരാജയങ്ങളുമുള്ള ജീവിതത്തിലും പ്രത്യാശ ചേര്‍ത്താല്‍ ആ ജീവിതം പ്രകാശമാനമായിത്തീരും; പരാജയം വിജയത്തിനു വഴിമാറും. മനുഷ്യജീവിതത്തിന് ആത്യന്തികമായ പ്രത്യാശ പകര്‍ന്ന സംഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്.

ഗ്രീക്ക് പുരാണത്തിലെ പന്‍ഡോരയുടെ പെട്ടി പ്രസിദ്ധമാണ്. തുറന്നുനോക്കരുതെന്നു പറഞ്ഞ് സ്യൂസ് ദേവന്‍ തന്റെ മനുഷ്യപുത്രിയായ പന്‍ഡോരയ്ക്കു നല്‍കിയ പെട്ടി. ആകാംക്ഷ അടക്കാനാവാതെ ഒരുനാള്‍ പന്‍ഡോര തുറന്ന പെട്ടിയില്‍നിന്ന്, പലതരം ദുരിതങ്ങളെയും പീഡകളെയും പ്രതിനിധീകരിക്കുന്ന പ്രാണികള്‍ അവള്‍ പെട്ടി അടയ്ക്കുംമുമ്പ് പുറത്തുചാടി. അവളുടെ ജീവിതം ദുരിതമയമായി. പിന്നീടവള്‍ പെട്ടി പൂര്‍ണമായി തുറന്നപ്പോള്‍ അതില്‍നിന്നിറങ്ങിവന്ന പ്രത്യാശ എന്ന മിന്നാമിനുങ്ങ് അവളുടെ ജീവിതത്തിലേക്ക് പുഞ്ചിരി തിരിച്ചുകൊണ്ടുവന്നു.

പ്രത്യാശ ജീവിതത്തില്‍ കൊണ്ടുവരുന്നതു പ്രകാശപൂര്‍ണമായ വലിയ മാറ്റമാണ്. ഉയിര്‍പ്പിനോളം പ്രത്യാശ നല്‍കുന്ന ഒന്നും മനുഷ്യര്‍ക്കു ലഭിക്കാനില്ല.

ഉത്ഥിതനായ യേശു ശിഷ്യര്‍ക്ക് ഓരോ പ്രാവശ്യവും പ്രത്യക്ഷപ്പെട്ടതു സമാധാനം ആശംസിച്ചുകൊണ്ടാണ്. അരക്ഷിതരും ഉത്കണ്ഠാകുലരുമായിരുന്ന അവര്‍ക്ക് യേശുവിന്റെ ദര്‍ശനംതന്നെ സമാധാനവും പ്രത്യാശയും പകര്‍ന്നു. ആ സമാധാനത്തിന്റെയും പ്രത്യാശയുടെയും ആഘോഷമാണ് ഈസ്റര്‍. ഈ സുദിനത്തില്‍ ദീപികയുടെ എല്ലാ ബന്ധുക്കള്‍ക്കും പ്രത്യാശയും സമാധാനവും ആശംസിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.