റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി വിമല്‍ജ്യോതി വിദ്യാര്‍ഥികള്‍
റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി വിമല്‍ജ്യോതി വിദ്യാര്‍ഥികള്‍
Friday, April 18, 2014 11:33 PM IST
ബേബി സെബാസ്റ്യന്‍

ചെമ്പേരി: ബഹിരാകാശ പഠനങ്ങള്‍ക്കുള്ള ആദ്യ ചുവടുവയ്പുമായി ഒരു സംഘം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ ചേര്‍ന്നു റോക്കറ്റ് വിക്ഷേപണം നടത്താനൊരുങ്ങുന്നു. ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം അധ്യാപകന്‍ ജെറിന്‍ സിറിയക്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വിമല്‍ജ്യോതിയിലെ വിദ്യാര്‍ഥികളായ കെ.എസ്. നിജില്‍, നിഖില്‍ കുര്യാക്കോസ്, റോഹന്‍ പൌലോസ്, ജിന്‍സ് ജെറിന്‍ജോസ്, ജിനേഷ് ജോയി, പത്തനംതിട്ട മൌണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളജിലെ ഏറോനോട്ടിക്കല്‍ വിദ്യാര്‍ഥികളായ വിഷ്ണുപ്രസാദ്, പ്രവീണ്‍, ജോബ്സണ്‍, വിഷ്ണു, മിതുലിന്‍, ആനി, ആര്യ, പൂജ എന്നിവര്‍ ചേര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷത്തോളം നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണു റോക്കറ്റ് വിക്ഷേപണസജ്ജമാക്കിയത്.

പരീക്ഷണാവശ്യങ്ങള്‍ക്കായി വിക്ഷേപിക്കുന്ന റോക്കറ്റിന്റെ സഞ്ചാരപരിധി അഞ്ചു കിലോമീറ്ററാണ്. പൊട്ടാസിയം നൈട്രേറ്റ്, സുക്രോണ്‍ എന്നീ രാസപദാര്‍ഥങ്ങള്‍ പ്രധാന ഘടകങ്ങളായുള്ള ഖരഇന്ധനം ജ്വലിപ്പിച്ചാണു റോക്കറ്റ് ഉയരങ്ങളിലേക്കു കുതിക്കുന്നത്.

നാലു മിനിറ്റിനുള്ളില്‍ ലക്ഷ്യത്തിലെത്തും. റോക്കറ്റ് എന്‍ജിന്‍ നിര്‍മാണത്തിന് ഉയര്‍ന്ന താപസംവഹനശേഷിയുള്ള ലോഹസങ്കരവും ബാഹ്യകവചം നിര്‍മിക്കാന്‍ ഫൈബര്‍ സംയുക്തവും ഉപയോഗിച്ചിരിക്കുന്നതിനാല്‍ റോക്കറ്റ് വളരെ ഭാരം കുറഞ്ഞതും കൂടുതല്‍ ഉറപ്പേറിയതുമാണ്. ചെമ്പേരിയിലെ സ്വയം തൊഴില്‍ സംരംഭകനായ കട്ടക്കയത്തില്‍ ജോമറ്റ് അഗസ്റിന്റെ ഉടമസ്ഥതയിലുള്ള ജെകെ ഫൈബേര്‍സിലാണു റോക്കറ്റിന്റെ ബാഹ്യകവചം നിര്‍മിച്ചത്. റോക്കറ്റിന്റെ മേല്‍ഭാഗത്തുള്ള നോസ്കോണില്‍ മൂന്നു കിലോഗ്രാം വരെ ഭാരമുള്ള വിവിധോദ്ദേശ്യ പേലോഡ് വഹിക്കാന്‍ കഴിയും. പേലോഡില്‍ സജീകരിക്കുന്ന ഉപകരണങ്ങളിലൂടെ അന്തരീക്ഷ പഠനം, കാലാവസ്ഥാ നിരീക്ഷണം, ഉയര്‍ന്നതലങ്ങളില്‍നിന്നുള്ള ദൃശ്യ ചിത്രീകരണം തുടങ്ങിയവ സാധ്യമാകും.


വിക്ഷേപണ ലക്ഷ്യമായ അഞ്ചു കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ താനേ വിടരുന്ന പാരച്യൂട്ട് വഴി റോക്കറ്റിനെ തിരികെ ഭൂമിയിലെത്തിക്കാമെന്നതിനാല്‍ വീണ്ടും ഇന്ധനം നിറച്ചു പലതവണ വിക്ഷേപണം നടത്താമെന്ന പ്രത്യേകതയും ഇതിനുണ്ട്. നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രിത സംരംഭങ്ങളുടെ സാങ്കേതിക സഹായങ്ങളൊന്നുമില്ലാതെ ഇത്തരമൊരു റോക്കറ്റ് നിര്‍മിക്കുന്നത് ഇതാദ്യമായാണെന്നു പ്രോജക്ടിനു മേല്‍നോട്ടം വഹിച്ച ജെറിന്‍ സിറിയക്ക് പറഞ്ഞു.

ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുമ്പ് വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികള്‍ കൂളിംഗ് സിസ്റം ഉള്‍പ്പെടുത്തിയ നൂതന റോക്കറ്റ് എന്‍ജിന്‍ രൂപകല്‍പ്പന ചെയ്തു വിജയകരമായി പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ പത്തനംതിട്ട മൌണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളജില്‍ എത്തിച്ചിട്ടുള്ള റോക്കറ്റിനു തുമ്പയിലെ ഐഎസ്ആര്‍ഒയുടെ വിക്ഷേപണ കേന്ദ്രത്തില്‍ ആദ്യ വിക്ഷേപണം നടത്താന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു വിദ്യാര്‍ഥികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.