വഴിതെറ്റിയ ട്രെയിന്‍ കറങ്ങിത്തിരിഞ്ഞ് എറണാകുളത്തെത്തി
Friday, April 18, 2014 11:16 PM IST
കൊച്ചി: കൊങ്കണില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തിനൊടുവില്‍ വഴി തെറ്റി ഓടിയ ട്രെയിന്‍ ഒടുവില്‍ 28 മണിക്കൂര്‍ വൈകി എറണാകുളത്തെത്തി.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.10ന് ഗുജറാത്തിലെ ഓഖയില്‍നിന്ന് എറണാകുളത്തേക്കു തിരിച്ച 16338 ഓഖ-എറണാകുളം എക്സ്പ്രസാണു വഴിതെറ്റി ഓടിയത്. ചൊവ്വാഴ്ച രാത്രി 10.20ന് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിന്‍ വഴിതെറ്റി വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റേഷനില്‍ എത്തിയത്. ട്രെയിന്‍ മണിക്കൂറുകളോളം വൈകിയോടിയതോടെ മലയാളികളടക്കമുള്ള വണ്ടിയിലെ യാത്രക്കാര്‍ ഒരു ദിവസം മുഴുവനും ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. ഇന്നലെ രാവിലെ 7.30നുതന്നെ ട്രെയിന്‍ എറണാകുളത്തുനിന്ന് ഓഖയിലേക്കുള്ള മടക്കയാത്ര തുടങ്ങി.

കൊങ്കണ്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്നുണ്ടായ ഗതാഗതനിയന്ത്രണം കാരണം പൂനയില്‍നിന്നു മിറാജ്, ലോണ്ട വഴി വണ്ടി തിരിച്ചുവിട്ടു. മഡ്ഗാവിലെത്തി അവിടെനിന്ന് മംഗലാപുരം വഴി എറണാകുളത്തെത്താനായിരുന്നു നിര്‍ദേശം. രത്നഗിരിയില്‍നിന്നു 30 കിലോമീറ്റര്‍ അകലെ ഉക്സിക്കും സംഗമേശ്വറിനും ഇടയിലാണു ചരക്കുട്രെയിന്‍ പാളം തെറ്റിയത്. ഇതേത്തുടര്‍ന്ന് ഈ റൂട്ടിലുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ചുവിടുകയായിരുന്നു.


എറണാകുളത്തേക്കുള്ള ഓഖ ട്രെയിന്‍ തിങ്കളാഴ്ച രാത്രി 10.30ന് മുംബൈയ്ക്കടുത്ത പന്‍വേലിലെത്തിയപ്പോഴാണ് അപകട വിവരമറിയുന്നതും വഴിതിരിഞ്ഞു പോകണമെന്ന സന്ദേശം ലഭിക്കുന്നതും. പൂന, മിറാജ്, ലോണ്ട റൂട്ട് വഴി മഡ്ഗാവിലെത്തി മംഗലാപുരത്തെത്താനായിരുന്നു സന്ദേശം. എന്നാല്‍, ഡ്രൈവറും പന്‍വേല്‍ റെയില്‍വേ സ്റേഷന്‍ മാസ്ററും തമ്മിലുള്ള ആശയവിനിമയത്തിലെ അവ്യക്തത കാരണം ട്രെയിന്‍ വഴിതെറ്റി പന്‍വേലില്‍നിന്നു മഹാരാഷ്ട്രയിലെ ഷോലാപ്പൂര്‍വഴി പോയി. വടക്കന്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ എത്തിയതോടെ വഴിതെറ്റിയതായി തിരിച്ചറിഞ്ഞ യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി സ്റേഷന്‍ മാസ്ററെ അറിയിച്ചു.

തുടര്‍ന്നു ഹുത്ഗി, ബിജാപൂര്‍, ബാഗല്‍കോട്ട്, ഗഡഗ്, ഹൂ ബ്ളി, ലോണ്ട വഴി മഡ്ഗാവിലേക്കു തന്നെ തിരിച്ചു. അവിടെനിന്നു മംഗലാപുരം വഴിയാണ് എറണാകുളത്തെത്തിയത്. സിഗ്നല്‍ മാറിയോടിയത് എങ്ങ നെയെന്നു റെയില്‍വേ വിശദീകരിക്കുന്നില്ല. സെന്‍ട്രല്‍ ഡിവിഷന്റെ കീഴിലുള്ള ട്രെയിനാണിത്. ഇക്കാരണത്താല്‍ റൂട്ട് തെറ്റി ഓടാനുണ്ടായ കാരണത്തെക്കുറിച്ചു കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ എറണാകുളം ഏരിയ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.