എംജി സര്‍വകലാശാലയുടെ ഫണ്ട് വകമാറ്റി കാലടി സര്‍വകലാശാലയ്ക്കു നല്കിയെന്ന്
Friday, April 18, 2014 10:50 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ തടഞ്ഞുവച്ച നാലു മാസത്തെ ഗ്രാന്റ് സര്‍ക്കാര്‍ മറ്റു സര്‍വകലാശാലയ്ക്കു വകമാറ്റി നല്കിയെന്ന് ആരോപണം. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറാണ് ഈ ആരോപണവുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച പരാതി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബിനെ ബുധനാഴ്ച നേരില്‍ക്കണ്ടു വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ് അറിയിച്ചു. നാലുമാസത്തെ സര്‍ക്കാര്‍ ഗ്രാന്റായ 20 കോടി രൂപയാണു മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു നല്കാനുള്ളത്.

ഗ്രാന്റ് ലഭിക്കാത്തതിനെത്തുടര്‍ന്നു സര്‍വകലാശാലയുടെ പ്രവര്‍ത്തനം അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. ദൈനംദിന ചെലവുകള്‍ക്കുപോലും സര്‍വകലാശാല ഏറെ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട കോടിക്കണക്കിനു രൂപ മറ്റൊരു സര്‍വകലാശാലയ്ക്കു നല്കിയെന്നാണു വിസിയുടെ പരാതി. എംജി സര്‍വകലാശാലയുടെ ഗ്രാന്റില്‍നിന്നു മൂന്നരക്കോടി രൂപയാണു രണ്ടാഴ്ച മുമ്പു കാലടി സര്‍വകലാശാലയ്ക്കായി വകമാറ്റിയത്. ഫണ്ട് കൈമാറിയതുസംബന്ധിച്ചുള്ള എല്ലാ രേഖകളും തങ്ങള്‍ക്കു ലഭിച്ചിട്ടുണ്െടന്നു വിസി പറഞ്ഞു.


സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഒരു സര്‍വകലാശാലയ്ക്കായി അനുവദിച്ച തുക മറ്റൊരു സര്‍വകലാശാലയ്ക്ക് വീതംവച്ചു നല്കുന്നതു ഏതുമാനദണ്ഡത്തിലാണെന്ന് അറിയില്ലെന്നും ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയെ ധരിപ്പിച്ചതായും എം.വി. ജോര്‍ജ് പറഞ്ഞു.

എംജി സര്‍വകലാശാല വിസിയും സിന്‍ഡിക്കറ്റും തമ്മില്‍ ആരംഭിച്ച അഭിപ്രായവ്യത്യാസം ഇപ്പോള്‍ സര്‍ക്കാര്‍ തലത്തിലേക്കും എത്തിയതായതാണു പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. വൈസ് ചാന്‍സലര്‍ ബയോഡേറ്റാ തിരുത്തി എന്ന വിവാദത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാറിനു മുമ്പാകെ കഴിഞ്ഞ ജനുവരിയില്‍ വൈസ് ചാന്‍സലര്‍ വിശദീകരണം നല്കി.

എന്നാല്‍, നിഖില്‍ കുമാര്‍ സ്ഥാനമൊഴിഞ്ഞു പുതിയ ഗവര്‍ണര്‍ എത്തിയതോടെ വീണ്ടും വിശദീകരണം ചോദിച്ചു. കഴിഞ്ഞ 16 ന് ഗവര്‍ണറുടെ ഓഫീസിലെത്തി വിശദീകരണം നല്കണമെന്നായിരുന്നു നിര്‍ദേശം. ഒരു മാസത്തെ സാവകാശം വൈസ് ചാന്‍സലര്‍ ചോദിച്ചുവെങ്കിലും ഒരാഴ്ച സാവകാശമാണു ഗവര്‍ണര്‍ അനുവദിച്ചത്. അടുത്ത 24 നു വിശദീകരണം നല്കാനാണു നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.