വല്യച്ചന്‍മലയില്‍ തീര്‍ഥാടകനായി മാര്‍ ജോര്‍ജ് ആലഞ്ചേരി
വല്യച്ചന്‍മലയില്‍ തീര്‍ഥാടകനായി മാര്‍ ജോര്‍ജ് ആലഞ്ചേരി
Thursday, April 17, 2014 10:26 PM IST
അരുവിത്തുറ: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അരുവിത്തുറ വല്യച്ചന്‍മലയിലെത്തി. ചെവ്വാഴ്ച രാവിലെ 9.30നു അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെത്തിയ മാര്‍ ആലഞ്ചേരിയെ വികാരി ഫാ. തോമസ് ഓലിക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി.

വല്യച്ചന്‍ മലയിലേക്കു നടത്തിയ തീര്‍ഥാടനത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

വല്യച്ചന്‍മലയില്‍ സ്ഥാപിക്കുന്ന മണിയുടെ ആശീര്‍വാദം മാര്‍ ആലഞ്ചേരി നിര്‍വഹിച്ചു. വിശുദ്ധ തോമാശ്ളീഹയുടെ പാരമ്പര്യമുള്ള അരുവിത്തുറ പള്ളിക്കു കാലത്തിന്റെ പ്രവാഹത്തില്‍ നഷ്ടമായ കല്‍ക്കുരിശ് ഇന്ന് 107 അടി ഉയരമുള്ള വലിയ കുരിശിലൂടെ തിരികെ ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ മുകളിലെത്താനുള്ള സൌകര്യവും കരിങ്കല്‍ പതിച്ച കുരിശിന്റെ പാതയും തീര്‍ഥാടകര്‍ക്കു പ്രയോജനപ്രദമാണെന്നും പ്രമുഖ തീര്‍ഥാടന കേന്ദ്രമായി വല്യച്ചന്‍മല മാറുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനത്തിന്റെ ഓര്‍മയ്ക്കായി കര്‍ദിനാളും ബിഷപ്പുമാരും തെങ്ങിന്‍തൈകള്‍ നട്ടു.


കൊണ്ടൂര്‍ പൌരാവലിക്കുവേണ്ടി പാറയ്ക്കല്‍ സുനില്‍ ബാബു സമര്‍പ്പിച്ച മംഗളപത്രം ഫാ. തോമസ് ഓലിക്കലിനു മേജര്‍ ആര്‍ച്ച്ബിഷപ് കൈമാറി. സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും ചീഫ് വിപ്പ് പി.സി. ജോര്‍ജ് നന്ദിയും പറഞ്ഞു.

വികാരി ഫാ. തോമസ് ഓലിക്കല്‍ ആമുഖ പ്രസംഗം നടത്തി. അസിസ്റന്റ് വികാരിമാരായ ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം, ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, റവ. ഡോ. ബേബി സെബാസ്റ്യന്‍ തോണിക്കുഴി, ട്രസ്റിമാരായ ജോഷി പെരുന്നിലത്ത്, ജോര്‍ജ് വടക്കേല്‍, ജോര്‍ജ് ഇടയാടിയില്‍, തോമസ് ചാലില്‍, ജോര്‍ജുകുട്ടി പാലാത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.