പേരറിയാത്തവര്‍ക്ക് ദേശീയാംഗീകാരം; ഡോ. ബിജുവിന് അഭിമാനനിമിഷം
പേരറിയാത്തവര്‍ക്ക്  ദേശീയാംഗീകാരം; ഡോ. ബിജുവിന് അഭിമാനനിമിഷം
Thursday, April 17, 2014 11:35 PM IST
അടൂര്‍: സുരാജ് വെഞ്ഞാറമൂടിനെദേശീയാംഗീകാരത്തിന് അര്‍ഹമാക്കിയ പേരറിയാത്തവര്‍ എന്ന സിനിമയുടെ സംവിധായകന്‍ ഡോ. ബിജു ദാമോദരനും അഭിമാനത്തിന്റെ നിമിഷങ്ങള്‍. മികച്ച നടനുള്ള ദേശീയാംഗീകാരത്തോടൊപ്പം പേരറിയാത്തവന്‍ മികച്ച പരിസ്ഥിതി സൌഹാര്‍ദ ചലച്ചിത്രവുമായി. 2002 മുതല്‍ സിനിമാലോകത്തുള്ള ഡോ. ബിജു ദാമോദരനെത്തേടി ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്.

കായംകുളം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ ഡോ.ബിജു ദാമോദരന്റെ വീട്ടിലേക്കുള്ള വഴി 2010ല്‍ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹമായിരുന്നു. വിദേശത്തും ബിജുവിന്റെ സിനിമകള്‍ ശ്രദ്ധേയമായി. നിരവധി പുരസ്കാരങ്ങള്‍ ഇവിടെനിന്നു ലഭിച്ചു. 2011ല്‍ സംസ്ഥാനസര്‍ക്കാരിന്റെ സെപ്ഷല്‍ ജൂറി അവാര്‍ഡ് ആകാശത്തിന്റെ നിറം സിനിമയ്ക്കു ലഭിച്ചു. പന്തളം കുടശനാട് ചിറകുന്നില്‍ ദാമോദരന്റെയും പൊന്നമ്മയുടെയും മകനാണ് ഡോ.ബിജു ദാമോദരന്‍. ഭാര്യ: വിജയശ്രീ. മകന്‍: ഗോവര്‍ധന്‍.

പേരറിയാത്തവര്‍ എന്ന സിനിമയ്ക്ക് ദേശീയാംഗീകാരം ചിത്രത്തിന്റെ നിര്‍മാതാവായ അമ്പലക്കര അനിലിനു കൂടി അവകാശപ്പെട്ടതാണെന്നു ഡോ.ബിജു പറഞ്ഞു. ചിത്രത്തിലെ അഭിനയത്തിനു സുരാജിന് അവാര്‍ഡ് കിട്ടിയതിലും മികച്ച പരിസ്ഥിതി സൌഹാര്‍ദ സിനിമയായി പേരറിയാത്തവര്‍ തെരഞ്ഞെടുക്കപ്പെട്ടതിലും സന്തോഷമുണ്ട്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാത്ത സംസ്ഥാനസര്‍ക്കാരിനും നല്ല സിനിമ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഈ മേഖലയിലെ പ്രമുഖര്‍ക്കും നല്ല സിനിമകള്‍ക്കു സംപ്രേഷണാവകാശം നല്‍കാത്ത ചാനല്‍ ഉടമകള്‍ക്കുമുള്ള മറുപടിയാണ് അവാര്‍ഡുകള്‍. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത തീയറ്റര്‍ ഉടമകള്‍ക്കും അവാര്‍ഡ് ഒരു പാഠമാകണം. പേരറിയാത്തവരില്‍ സുരാജ് അഭിനയിക്കുകയായിരുന്നില്ല, യാഥാര്‍ഥ്യമായി ജീവിക്കുകയായിരുന്നുവെന്നു ബിജു പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ പിന്മാറിയതിനേത്തുടര്‍ന്നാണു പേരറിയാത്തവരില്‍ സുരാജിനെനായകനാക്കിയത്. ദേശീയാംഗീകാരം ലഭിക്കുമ്പോള്‍ പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കലാമൂല്യങ്ങളുള്ള സിനിമകള്‍ക്കു പ്രോത്സാഹനം ലഭിക്കുന്നില്ല.


സാധാരണക്കാരനായാണു സുരാജ് ചിത്രത്തില്‍ അഭിനയിച്ചത്. നല്ല സിനിമ ഞങ്ങള്‍ക്കു വേണ്െടന്നു പറയുന്ന ന്യൂജനറേഷന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇത്തരം ദേശീയാംഗീകാരങ്ങള്‍ പാഠമാക്കണമെന്നും ഡോ. ബിജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.