എസ്എസ്എല്‍സി: 95.47% വിജയം
Thursday, April 17, 2014 10:26 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: റിക്കാര്‍ഡ് വേഗത്തില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കിയ എസ്എസ്എല്‍സി പരീക്ഷയില്‍ റിക്കാര്‍ഡ് വിജയശതമാനം. പരീക്ഷയെഴുതിയ 4,63,686 വിദ്യാര്‍ഥികളില്‍ 4,42,678 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 95.47. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കുറി ഉണ്ടായത്.

ഇക്കുറി പരീക്ഷ എഴുതിയതില്‍ 21,008 പേര്‍ക്ക് ഉപരിപഠനത്തിനു യോഗ്യത നേടാനായില്ല. പ്രൈവറ്റായി പരീക്ഷയെഴുതിയ 4,244 വിദ്യാര്‍ഥികളില്‍ 2,666 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി- വിജയശതമാനം 62.81. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴ്ന്നു. കഴിഞ്ഞവര്‍ഷം 74.06 ശതമാനമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതിയ 416 വിദ്യാര്‍ഥികളില്‍ 413 വിദ്യാര്‍ഥികള്‍ (99.2 ശതമാനം) ഉപരിപഠനത്തിനു യോഗ്യത നേടിയപ്പോള്‍ ലക്ഷദ്വീപില്‍ പരീക്ഷയെഴുതിയ 823 കുട്ടികളില്‍ 630 പേര്‍ (76.5ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി.

ഏറ്റവുമധികം വിജയശതമാനം കണ്ണൂര്‍ റവന്യു ജില്ലയിലാണ്. 98.27 ശതമാനം വിദ്യാര്‍ഥികള്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് ഉപരിപഠനത്തിനു അര്‍ഹത നേടി. 91.28 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ പാലക്കാടാണ് ജില്ലകളില്‍ ഏറ്റവും പിന്നില്‍. സംസ്ഥാനത്തു കഴിഞ്ഞവര്‍ഷം വിജയശതമാനത്തില്‍ ഒന്നാമതായിരുന്ന കോട്ടയം ഇക്കുറി 97.47 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. വിദ്യാഭ്യാസ ജില്ലകളില്‍ കടുത്തുരുത്തി (98.68) മുന്നിലെത്തിയപ്പോള്‍ പാലക്കാടാണ് (90.25 ) ഏറ്റവും പിന്നില്‍.

14,802 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. 2,056 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ച മലപ്പുറമാണ് എ പ്ളസില്‍ മുന്നിലുള്ള റവന്യു ജില്ല. 919 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ച തിരൂരാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ളസ് ലഭിച്ച വിദ്യാഭ്യാസ ജില്ല.

സംസ്ഥാനത്തെ 934 വിദ്യാലയങ്ങളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 73 സ്കൂളുകളുടെ വര്‍ധന. ഇക്കുറി നൂറുമേനി നേടിയവയില്‍ 281 സര്‍ക്കാര്‍ സ്കൂളുകളും 367 എയ്ഡഡ് സ്കൂളുകളും 286 അണ്‍ എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു.

34,927 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചു. 66,622 പേര്‍ക്ക് ബി പ്ളസും അതിനുമുകളിലും ഗ്രേഡ് ലഭിച്ചപ്പോള്‍ 1,15,715 പേര്‍ക്ക് ബി ഗ്രേഡ് ലഭിച്ചു. 1,94,864 പേര്‍ക്ക് സി പ്ളസും അതിനുമുകളിലും ഗ്രേഡ് ലഭിച്ചു. 3,15,822 പേര്‍ക്ക് സി ഗ്രേഡും 4,42,678 പേര്‍ക്ക് ഡി പ്ളസ് ഗ്രേഡിനും അര്‍ഹരായി.

2005 മുതല്‍ വിദ്യാര്‍ഥികള്‍ക്കു മോഡറേഷന്‍ നല്കുന്നില്ല. പുതിയ സിലബസിലും പഴയ സിലബസിലുമായാണു പരീക്ഷ നടത്തിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. അതിനേക്കാള്‍ ഒരാഴ്ച നേരത്തെ ഈ വര്‍ഷം ഫലപ്രഖ്യാപനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനു കഴിഞ്ഞു. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മേയ് പകുതിയോടെ അതത് വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കും.

സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലാണ്. 1,720 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതി. അഞ്ചു വിദ്യാര്‍ഥികള്‍ മാത്രം പരീക്ഷയ്ക്കിരുന്ന പാലക്കാട് പുതുനഗരം ഇസ്ളാമിക് ഇംഗ്ളീഷ് മീഡിയം എച്ച്എസ്, തിരൂര്‍ പൊന്നാനി മക്ദൂമിയ ഇംഗ്ളീഷ് സ്കൂള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.

എസ്എസ്എല്‍സി ഫലം: വൈകല്യമുള്ള വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ 28 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ശ്രവണവൈകല്യമുള്ള വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ 28 സ്കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ശ്രവണവൈകല്യമുള്ള 334 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 333 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 99.17 ആണ് വിജയശതമാനം. ഇവര്‍ക്കൊപ്പം ടെക്നിക്കല്‍ എസ്എസ്എല്‍സി പരീഷ എഴുതിയ 24 പേരില്‍ 22 പേരും വിജയിച്ചു.

ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ പരീക്ഷ എഴുതിയ 3647 പേരില്‍ 3591 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഈ വിഭാഗത്തില്‍ 34 സ്കൂളുകള്‍ നൂറു ശതമാനം നേടി. എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ പരീക്ഷ എഴുതിയ 76 വിദ്യാര്‍ഥികളില്‍ 72 പേരും ഉപരിപഠനത്തിനു യോഗ്യത നേടി.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ അഡോപ്റ്റ് ചെയ്ത 107 സ്കൂളുകളും മികച്ച വിജയം കരസ്ഥമാക്കി. ഇക്കൂട്ടത്തില്‍ 35 സ്കൂളുകള്‍ നൂറുമേനി വിജയം സ്വന്തമാക്കിയപ്പോള്‍ 77 സ്കൂളുകള്‍ 90 ശതമാനവും 307 സ്കൂളുകള്‍ 50 ശതമാനത്തിനു മുകളില്‍ വിജയം നേടി. ഒരു സ്കൂള്‍ മാത്രമാണ് വിജയശതമാനത്തില്‍ ഇതിനും താഴെയായത്.

സേ പരീക്ഷ മേയ് 12 മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ എഴുതി ഉപരിപഠനത്തിനു അര്‍ഹരാകാത്ത വിദ്യാര്‍ഥികള്‍ക്കായി മേയ് 12 മുതല്‍ 17 വരെ സേ പരീക്ഷ നടത്തും.

മേയ് അവസാനആഴ്ച ഫലം പ്രഖ്യാപിക്കും. വിദ്യാര്‍ഥികളുടെ സൌകര്യാര്‍ഥം ഈ വര്‍ഷം പൊതുപരീക്ഷ എഴുതിയ സ്കൂളില്‍ തന്നെ ഈ മാസം 28 വരെ സേ പരീക്ഷയ്ക്കായുള്ള അപേക്ഷ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും മധ്യവേനലവധിക്കാലത്തുതന്നെ പരീക്ഷയുടെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും നടത്താനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി പരീക്ഷാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ നല്‍കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിനി എന്നിവയ്ക്കായുള്ള അപേക്ഷ ഈ മാസം 24 മുതല്‍ 28 ന് ഉച്ചയ്ക്ക് ഒരുമണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതേ അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും അതാത് സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് 28 ന് വൈകുന്നേരം നാലിനു മുമ്പ് സമര്‍പ്പിക്കണം.

പുനര്‍ മൂല്യനിര്‍ണയത്തിനും ഫോട്ടോകോപ്പിക്കും സൂക്ഷ്മ പരിശോധനയ്ക്കും പേപ്പര്‍ ഒന്നിന് യഥാക്രമം 400, 200, 50 എന്നിങ്ങനെയാണ് ഫീസ്. ഫലവും ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും മേയ് 31 ന് മുന്‍പു വിദ്യാര്‍ഥികള്‍ക്കു നല്കും.


പട്ടിക ജാതി-വര്‍ഗ, ഒബിസി വിദ്യാര്‍ഥികളുടെ വിജയശതമാനത്തില്‍ വര്‍ധന

തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടേയും ഒബിസി വിഭാഗത്തിലെ വിദ്യാര്‍ഥികളുടേയും വിജയ ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന. പട്ടികജാതി വിഭാഗത്തില്‍ 48,943 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 43,812 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയ ശതമാനം 89.52. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 88.33 ആയിരുന്നു.

പട്ടികവര്‍ഗത്തില്‍ 7129 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 6010 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 84.30. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം ഒബിസി വിഭാഗത്തില്‍ 94. 20 ശതമാനം പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടയിയ സ്ഥാനത്ത് ഈ വര്‍ഷം 95.96 ആയി വര്‍ധിച്ചു. 302859 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 290623 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

പട്ടികവര്‍ഗ വിഭാഗത്തില്‍ 329 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ളസ് വിജയം സ്വന്തമാക്കി. പട്ടികവര്‍ഗ വിഭാഗത്തില്‍ 13 വിദ്യാര്‍ഥികള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. ബിസി വിഭാഗത്തില്‍ 8438 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 5581 മാത്രമായിരുന്നു.

മൈത്രി ഹെല്‍പ്ലൈന്‍ 24 മണിക്കൂറും

കൊച്ചി: എസ്എസ്എല്‍സി പരീക്ഷഫലം കുട്ടികളിലും മാതാപിതാക്കളിലുമുണ്ടാക്കുന്ന മാനസിക സമ്മര്‍ദം ലഘൂകരിക്കാനായി മൈത്രി ഈ ദിവസങ്ങളില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തി ക്കും . വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം മൈത്രി ഹെല്‍പ്ലൈനിലൂടെ ലഘൂകരിക്കാം. ഫോണ്‍: 0484-2540530.

എസ്എസ്എല്‍സി ജില്ല തിരിച്ചുള്ള വിജയ ശതമാനം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ല തിരിച്ചുള്ള വിജയ ശതമാനം. ജില്ല, വിദ്യാര്‍ഥികളുടെ എണ്ണം, ഉപരിപഠനത്തിനു യോഗ്യത നേടിയവര്‍, വിജയശതമാനം എന്ന ക്രമത്തില്‍

തിരുവനന്തപുരം-41895-39003-93.1
കൊല്ലം-33772-31888-94.42
പത്തനംതിട്ട-13123-12700-96.78
ആലപ്പുഴ-26235-25305-96.46
കോട്ടയം-23318-22729-97.47
ഇടുക്കി-13670-13027-95.3
എറണാകുളം-38087-36715-96.4
തൃശൂര്‍-40721-39020-95.82
പാലക്കാട്-42625-38907-91.28
മലപ്പുറം-77239-73746-95.48
കോഴിക്കോട്-45255-43959-97.14
വയനാട്-12144-11361-93.55
കണ്ണൂര്‍-35325-34713-98.27
കാസര്‍ഗോഡ്-20277-19605-96.69

കല്ലുകടിയായി വെബ്സൈറ്റും സിഡിയും

തിരുവനന്തപുരം: റിക്കാര്‍ഡ് വേഗത്തില്‍ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴും കല്ലുകടിയായി പരീക്ഷാഭവന്റെയും ഐടി സ്കൂളിന്റെയും വെബ്സൈറ്റുകള്‍. വെബ്സൈറ്റുകളില്‍ പരീക്ഷാഫലത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് നമ്പര്‍ അടിച്ചു കയറുമ്പോള്‍ മാത്രമുള്ള വിവരങ്ങളാണു കൃത്യമായി ലഭിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ വിദ്യാഭ്യാസ ജില്ലയിലും റവന്യു ജില്ലയിലും നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍, ഓരോ റവന്യു ജില്ലയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം തുടങ്ങിയ വിശദമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.

മാധ്യമങ്ങള്‍ക്കു നല്കിയ സിഡി ഓപ്പണ്‍ ചെയ്യാന്‍ കഴിയാതെ വന്നതും ഏറെ പ്രതിസന്ധിയിലായി. ജില്ലതിരിച്ചുള്ള വിശദമായ ഫലം ഈ സിഡിയിലാണ് ഉണ്ടായിരുന്നത്. ഇതില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ തയാറാക്കിയ ഫലം മാത്രമേ ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചുള്ളു. വിവിധ ഫോര്‍മാറ്റുകളില്‍ തയാറാക്കിയ പല ഫയലുകളും ഓപ്പണ്‍ ചെയ്യാന്‍ കഴിയാതെയും വന്നു. സംഭവം അന്വേഷിക്കുമെന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.