ഗള്‍ഫ് മലയാളികള്‍ക്കു വിഷു ആഘോഷിക്കാന്‍ കൊച്ചിയില്‍നിന്ന് 1,050 ടണ്‍ വിഭവങ്ങള്‍
ഗള്‍ഫ് മലയാളികള്‍ക്കു വിഷു ആഘോഷിക്കാന്‍ കൊച്ചിയില്‍നിന്ന് 1,050 ടണ്‍ വിഭവങ്ങള്‍
Tuesday, April 15, 2014 12:06 AM IST
നെടുമ്പാശേരി: ഗള്‍ഫ് മലയാളികള്‍ക്കു വിഷു ആഘോഷിക്കാന്‍ കൊച്ചി വിമാന ത്താവളംവഴി 1,050 ടണ്‍ വിഭവങ്ങള്‍ കയറ്റി അയച്ചു. ഈ വിഭവങ്ങളില്‍ തൂശന്‍ ഇല മുതല്‍ കണിക്കൊന്ന പൂവു വരെയുണ്ട്.

ഏപ്രില്‍ ഏഴു മുതല്‍ 13 വരെ പ്രതിദിനം ശരാശരി 150 ടണ്‍ വിഷുവിഭവങ്ങള്‍ വിവിധ ഫ്ളൈറ്റുകളിലായി കയറ്റുമതി ചെയ്തുവെന്നു കാര്‍ഗോ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിഷുക്കണിക്കുള്ള സാധനങ്ങളുടെ പ്രത്യേക വിഭാഗം തന്നെ ക്രമീകരിച്ചിരുന്നു. കൊച്ചിയില്‍നിന്നു ദുബായി, അബുദാബി, ദോഹ, ബഹ്റിന്‍, കുവൈറ്റ്, ഷാര്‍ജ, അലൈന്‍, സലാല, മസ്കറ്റ് എന്നിവിടങ്ങളിലേക്കാണ് വിഷു വിഭവങ്ങള്‍ കയറ്റുമതി ചെയ്തത്. അയച്ചതില്‍ പകുതിയും അബുദാബി, ദുബായി എന്നിവിടങ്ങളിലേക്കാണ്.

വിഷുവിഭവങ്ങള്‍ മുന്‍കൂട്ടി സംഭരിച്ചു കേടുകൂടാതെ സൂക്ഷിച്ചത് സിയാലിന്റെ കേന്ദ്രീകൃത പെരിഷബിള്‍ കാര്‍ഗോ സെന്റര്‍ (സിപിസി) ഉപയോഗിച്ചാണ്. പച്ചക്കറികളും പൂക്കളും പഴങ്ങളും പായസക്കൂട്ടുമെല്ലാം നേരത്തേ സംഭരിക്കാനും ആവശ്യാനുസരണം ഇവ കയറ്റി അയയ്ക്കാനും കഴിഞ്ഞു. വിഷുദിവസങ്ങളിലെ വിലക്കയറ്റം കയറ്റുമതിയെ ബാധിച്ചില്ല.

ഗവര്‍ണര്‍ വിഷു ആശംസ നേര്‍ന്നു

തിരുവനന്തപുരം: വിളവെടുപ്പിന്റെ ഉത്സവമായ വിഷുവിന് കേരള ജനതയ്ക്ക് ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ആശംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഐശ്വര്യത്തിന്റെയും പുതുവര്‍ഷത്തിന് വിഷു തുടക്കം കുറിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും പരമ്പരാഗതമായ ആഘോഷം നല്‍കുന്ന ഉല്ലാസത്തോടൊപ്പം ഉറ്റവര്‍ക്കും മറ്റും നല്‍കുന്ന വിഷുക്കൈനീട്ടം സ്നേഹവും താത്പര്യവും പ്രകടിപ്പിക്കുന്നതായും നന്മയുടെ സന്ദേശവുമായി പ്രകൃതി കണിക്കൊന്ന ഒരുക്കുന്ന വേളയില്‍ ആഘോഷങ്ങളില്‍ പങ്കാളിയായി ഏവര്‍ക്കും ആശംസകള്‍ നേരുന്നതായും ഗവര്‍ണര്‍ അറിയിച്ചു.


ശബരിമലയില്‍ വിഷുക്കണി ദര്‍ശനം

ശബരിമല: വിഷു ഉത്സവത്തോടനുബന്ധിച്ചു ശബരിമല ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ നാലിന് ആരംഭിക്കും. ഏഴുവരെയാണു ദര്‍ശനം. സന്നിധാനത്തു വിപുലമായ ക്രമീകരണമാണു വിഷുക്കണി ദര്‍ശനത്തിനുള്ളത്. സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ തുടങ്ങിയ വിശേഷാല്‍ വഴിപാടുകളും ഇന്നുണ്ടാകും. 18നു രാത്രി നട അടയ്ക്കും.

വിഷുവിനു കുളിരായി അപൂര്‍വ മഴ

ട്ടയം: അത്യപൂര്‍വമായി വിഷുത്തലേന്ന് എത്തിയ മഴ കുളിരായി. ഇന്നലെ രാത്രി ഏഴരയോടെയാണു കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്തത്.

തുള്ളിക്കൊരു കുടം എന്ന കണക്കെ കോരിച്ചൊരിഞ്ഞ മഴയില്‍ റോഡുകളും ഓടകളും നിറഞ്ഞുകവിഞ്ഞു. വിഷുക്കണി ഒരുക്കാനുള്ള വസ്തുക്കളുമായി ടൌണില്‍ നിന്നു വീട്ടിലേക്കു മടങ്ങിയ നിരവധിപ്പേര്‍ മഴയില്‍ കുടുങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞും കോട്ടയം നഗരവാ സികള്‍ക്കു സാമാന്യം നല്ല മഴ ലഭിച്ചു.

വിഷുവിന് വളരെ അപൂര്‍മായി മാത്രമേ മഴയെത്താറുള്ളൂ. അപ്രതീക്ഷിതമായി പെയ്ത മഴ കനത്ത പലരും ആസ്വദിച്ചു. കടുത്ത ചൂടില്‍നിന്നുള്ള ആശ്വാസമായിരുന്നു അത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.