തെക്കന്‍ ജില്ലകളിലെ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്നു സിപിഎം വിലയിരുത്തല്‍
തെക്കന്‍ ജില്ലകളിലെ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്നു സിപിഎം വിലയിരുത്തല്‍
Tuesday, April 15, 2014 12:07 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭാവി വോട്ടുകളില്‍ നല്ല രീതിയിലുള്ള ചോര്‍ച്ച ഉണ്ടായതായി സിപിഎം വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്െടന്നാ ണു സിപിഎം ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തല്‍. ഈ രണ്ടു മണ്ഡലങ്ങളിലും പ്രതികൂലമായി ബാധിക്കാവുന്ന തരത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായതിനാല്‍ ഈ മണ്ഡലങ്ങളിലെ സാധാരണ ജനങ്ങള്‍ എല്‍ഡിഎഫിനു വോട്ടു ചെയ്തത് അനുകൂലമാകുമെന്ന ധാരണയിലാണു പാര്‍ട്ടി.

സിപിഎം സെക്രട്ടേറിയറ്റ് 17നു ചേരുന്നുണ്ട്. ഈ യോഗത്തില്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച കൂടുതല്‍ വിലയിരുത്തല്‍ ഉണ്ടാകും. വടക്കന്‍ മേഖലയിലടക്കം ന്യൂനപക്ഷ സമുദായ വോട്ടുകള്‍ കേന്ദ്രീകരിച്ചതായി സിപിഎം വിലയിരുത്തുന്നുണ്ട്. എന്നാല്‍, ഇത്തരം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി മാറുമെന്ന വിലയിരുത്തല്‍ സിപിഎമ്മിനില്ല. അതതു മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുള്ള ഇടതു- വലതു സ്ഥാനാര്‍ഥികളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ നോക്കിയാണ് ഇത്തരം വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായിട്ടുള്ളതത്രേ. അതുകൊണ്ടു മുന്‍കാലങ്ങളിലേതുപോലെ എല്‍ഡിഎഫിനെ മാത്രമായി ഇതു ദോഷമായി ബാധിക്കില്ലെന്നും പാര്‍ട്ടി വിലയിരുത്തു ന്നു.

സര്‍ക്കാര്‍വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്ന വിലയിരുത്തലിലാണു സിപിഎമ്മും എല്‍ഡിഎഫും. എന്നാല്‍, ഇത് എത്രത്തോളം തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ഒരഭിപ്രായം പറയാന്‍ നേതാക്കളാരും ഇതുവരെയും തയാറായിട്ടില്ല. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നല്ലാതെ ഏതൊക്കെ മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ ഇപ്പോഴും തെളിച്ചമില്ല.

കൊല്ലത്തു ശക്തമായ മത്സരത്തിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍എസ്പിക്കു സംഘടനാപരമായി സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നതു സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്‍.കെ. പ്രേമചന്ദ്രനെതിരേ നടത്തിയ പരനാറി പ്രയോഗം ആദ്യഘട്ട തെരഞ്ഞെടുപ്പ് അവലോകനത്തില്‍ വിമര്‍ശനവിധേയമായില്ലെന്നുള്ളതു ശ്രദ്ധേയമാണ്. എന്നാല്‍, തെരഞ്ഞെടുപ്പുഫലം വിപരീതമായാല്‍ ഇക്കാര്യം സിപിഎമ്മിനുള്ളില്‍ കൂടുതല്‍ ചര്‍ച്ചയാകും. കൊല്ലത്തു ക്രൈസ്തവ വോട്ടുകളിലാണ് അവസാനഘട്ടത്തില്‍ സിപിഎമ്മും എം.എ. ബേബിയും പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. ഇതില്‍ ചോര്‍ച്ചയുണ്ടായാല്‍ കാര്യങ്ങള്‍ ഗുണകരമാകില്ലെന്നാണു സിപിഎം കരുതുന്നത്.


വടക്കന്‍ മേഖലകളില്‍ ന്യൂനപക്ഷ സമുദായ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായതായി സിപിഎം വിലയിരുത്തുന്നുണ്ട്. കണ്ണൂരിലും വടകരയിലും പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണു പാര്‍ട്ടിക്കുള്ളത്. ഇവിടെ എ.പി. അബ്ദുള്ളക്കുട്ടി സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഉണ്ടായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. തെക്കന്‍ ജില്ലകളേക്കാള്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണു സിപിഎം. എന്നാല്‍, എവിടെയൊക്കെ ജയിക്കാന്‍ സാധിക്കുമെന്നതില്‍ വ്യക്തമായ ധാരണ വടക്കന്‍ മണ്ഡലങ്ങളുടെ കാര്യത്തിലും പാര്‍ട്ടിക്കില്ല.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പതിനേഴിനു ചേരാനിരിക്കെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റികള്‍ തയാറാക്കിയ റിപ്പോര്‍ട്ടാകും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യുക. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏതൊക്കെ മണ്ഡലം ഒപ്പം നില്‍ക്കുമെന്നതു സംബന്ധിച്ചു ധാരണയുണ്ടാകും. എന്നാല്‍, പതിവുപോലെ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം നടക്കുന്ന യോഗങ്ങളില്‍ മാത്രമേ വിശദമായ അവലോകനം ഉണ്ടാകാനിടയുള്ളൂ.

സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലെയും എല്‍ഡിഎഫിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ യോഗം ചേര്‍ന്നു തെരഞ്ഞെടുപ്പ് അവലോകനം നടത്തുകയാണ്. ബൂത്തുതലം മുതലുള്ള കമ്മിറ്റികള്‍ അവലോകന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. പാര്‍ട്ടി കമ്മിറ്റികള്‍ നല്‍കുന്ന വോട്ടിന്റെ കണക്കുകള്‍ സത്യസന്ധമാകണമെന്നു സിപിഎം നേതൃത്വം നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാരണത്താല്‍ തന്നെ വളരെ ഉറപ്പുള്ള വോട്ടുകള്‍ മാത്രം കണക്കാക്കിയുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി കമ്മിറ്റികള്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.