ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു
മൂന്നാര്‍: കന്നിമല എസ്റ്റേറ്റില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കന്നിമല ടോപ് ഡിവിഷനില്‍ ശിവന്‍ - പിച്ചയമ്മ ദമ്പതികളുടെ മകന്‍ കുട്ടിരാജ്(30) ആണ് മരിച്ചത്. ഇതേ ഡിവിഷനില്‍ താമസിക്കുന്ന മണികണ്ഠന്‍(32), മാടസ്വാമി(75), ലക്ഷ്മണന്‍ (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ പത്തോടെ കന്നിമല ടോപ് ഡിവിഷനില്‍നിന്നു യാത്രക്കാരുമായി മൂന്നാറിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. വാഹനത്തിനു കുറുകെ ചാടിയ ലക്ഷ്മണനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ ഓട്ടോ ഇയാളെ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലക്ഷ്മണന്റെ വലതുകാല്‍ ഒടിഞ്ഞു. ഡ്രൈവര്‍ കുട്ടിരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മണികണ്ഠന്‍, മാടസ്വാമി എന്നിവരെ നാട്ടുകാര്‍ മൂന്നാര്‍ ടാറ്റ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുമാസംമുമ്പാണ് കുട്ടിരാജിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ചിത്ര. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.