മോണോറെയില്‍: താത്പര്യമറിയിച്ചു ഹിറ്റാച്ചി ഉള്‍പ്പെടെ എട്ടു കമ്പനികള്‍
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ പദ്ധതികളുടെ നിര്‍മാണജോലികള്‍ക്കായി ജപ്പാന്‍ കമ്പനിയായ ഹിറ്റാച്ചി ഉള്‍പ്പെടെ എട്ടു കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള താത്പര്യം അറിയിച്ചു. അടുത്തമാസം ഒന്നു വരെയാണു ടെന്‍ഡറിനുള്ള താത്പര്യപത്രം സ്വീകരിക്കുന്നത്.

മലേഷ്യന്‍ കമ്പനിയായ സ്കോമി, കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡിയര്‍ എന്നീ കമ്പനികള്‍ക്കു പുറമേ ഇന്ത്യന്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യവും ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു താത്പര്യം അറിയിച്ചിട്ടുണ്ട്. കേരള മോണോറെയില്‍ കോര്‍പറേഷനുവേണ്ടി ഡിഎംആര്‍സിയാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.

യോഗ്യരായ കമ്പനികളില്‍നിന്നു മോണോറെയില്‍ പദ്ധതി രൂപകല്പന ചെയ്തു സ്ഥാപിക്കുന്നതിനും അഞ്ചു വര്‍ഷത്തേക്കുളള നടത്തിപ്പിനും (ഓപ്പറേഷനും മെയിന്റനന്‍സും) പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം കണ്െടത്തുന്നതിനുമാണു ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

1200 കോടി രൂപ വിറ്റുവരവുള്ള കമ്പനികള്‍ക്കാണു ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത.

പദ്ധതിക്ക് ആവശ്യമായ നിര്‍മാണജോലികള്‍, മോണോറെയില്‍ കാര്‍ സപ്ളൈ, സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്‍ സംവിധാനം തയാറാക്കല്‍, സ്റേഷനുകളുടെയും ഡിപ്പോകളുടെയും നിര്‍മാണം എന്നിവയാണു തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിയുടെ ചുമതല. കഴിഞ്ഞ ജൂലൈയിലാണു ഡിഎംആര്‍സി ടെന്‍ഡര്‍ ക്ഷണിച്ചത്. പദ്ധതിയില്‍ സുരക്ഷയ്ക്കാണു ഡിഎംആര്‍സി പ്രാധാന്യം നല്‍കുന്നത്. ഉയര്‍ന്ന സാങ്കേതികവിദ്യയും ഗുണമേന്മയും ഉറപ്പാക്കിയായിരിക്കും നിര്‍മാണക്കമ്പനിയെ തെരഞ്ഞെടുക്കുക.


ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള താത്പര്യപത്രം സ്വീകരിക്കുന്ന തീയതി നീട്ടണമെന്നു ചില കമ്പനികള്‍ ഡിഎംആര്‍സിയോട് അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും അടുത്ത മാസം ഒന്നുവരെ മാത്രമായിരിക്കും താത്പര്യപത്രം സ്വീകരിക്കുക. ടെന്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനകം പരിശോധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണു ഡിഎംആര്‍സി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 കിലോമീറ്ററെങ്കിലും ദൈര്‍ഘ്യമുള്ള രണ്ടു മോണോറെയില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള കമ്പനികളെയാണു ടെന്‍ഡര്‍ നടപടികള്‍ക്കു പരിഗണിക്കുന്നത്. 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു പദ്ധതിയെങ്കിലും പൂര്‍ത്തിയാക്കിയ കമ്പനികളെയും പരിഗണിക്കുന്നുണ്ട്.