വയലാര്‍ രവിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
കൊച്ചി: ഹെര്‍ണിയ ശസ്ത്രക്രിയക്കു വിധേയനായി ലേക്ക്ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി വയലാര്‍ രവിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റിനുമായി സംസാരിച്ചു. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി കെ. ബാബു, വി.എം. സുധീരന്‍, ബെന്നി ബഹന്നാന്‍ എംഎല്‍എ, എ.സി. ജോസ്, കെ.എം.ഐ.മേത്തര്‍ എന്നിവരും വയലാര്‍ രവിയെ സന്ദര്‍ശിച്ചു.


രവി പൂര്‍ണ ആരോഗ്യവാനാണെന്നും രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയലാര്‍ രവിയെ ശനിയാഴ്ചയാണു ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.