നുണ പരിശോധനയ്ക്കില്ല: ശ്രീധരന്‍നായര്‍
പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ താന്‍ യാതൊരുവിധ നുണപരിശോധനയ്ക്കും വിധേയമാകില്ലെന്നു കോന്നി മല്ലേലില്‍ ശ്രീധരന്‍നായര്‍ വ്യക്തമാക്കി. പരാതിക്കാരനെ നുണപരിശോധനയ്ക്കു വിധേയമാക്കുന്നതു കേട്ടുകേഴ്വിയില്ലാത്ത സംഭവമാണെന്നും അഭിഭാഷകനുമായി ചേര്‍ന്നു പോലീസിനു മറുപടി നല്‍കുമെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനുവേണ്ടി ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നകുമാരന്‍ നായരാണു ശ്രീധരന്‍നായര്‍ക്കു നോട്ടീസ് നല്‍കിയത്. പോളിഗ്രാഫ് ടെസ്റിനോ നാര്‍ക്കോ അനാലിസിസ് ടെസ്റിനോ വിധേയനാകാമോയെന്നു ചോദിച്ചുകൊണ്ടാണു ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശ്രീധരന്‍നായര്‍ക്കു കത്തു നല്‍കിയത്.


കേസുമായി ബന്ധപ്പെട്ടു തനിക്കു പറയാനുള്ള കാര്യങ്ങള്‍ റാന്നി കോടതിയില്‍ 164 പ്രകാരം രഹസ്യമൊഴിയായി നല്‍കിയിട്ടുണ്െടന്നും താന്‍ ഇതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയ്ക്കു താന്‍ നല്‍കിയ മൊഴിയെന്ന പേരില്‍ ചാനലുകള്‍ പുറത്തുവിട്ട രേഖയെക്കുറിച്ച് തനിക്ക് അറിവില്ല.