കള്ളുഷാപ്പില്‍ ഭക്ഷ്യവിഷബാധ; 14 പേര്‍ ആശുപത്രിയില്‍
എടത്വ: കള്ളുഷാപ്പില്‍നിന്നു ഭക്ഷണം കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിമുക്കിലെ ഒരു ഷാപ്പില്‍നിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്.

ഹരിപ്പാട് രാമപുരം സ്വദേശികളായ ഏവൂര്‍ കൊറ്റിനാട്ട് വിഷ്ണു (26), തഴക്കരശേരില്‍ രാഹുല്‍ (27), അമ്പാട്ട് പ്രശാന്ത് (28), ഇടശേരി പുത്തന്‍വീട്ടില്‍ ശരത് ചന്ദ്രന്‍ (24) കൈപ്പള്ളില്‍ രാജേഷ്, മേലായത്ത് സൂരജ് (25) തുടങ്ങി 14 പേര്‍ക്കാണു പരിക്കേറ്റത്. ഇവരില്‍ ആറുപേരെ വ ണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ തിരുവനന്തപുരത്തും ഒരാളെ കൊല്ലത്തുമുള്ള സ്വകാര്യ ആശുപത്രികളിലും ബാക്കിയുള്ളവരെ കോട്ടയത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ 14 പേരും ചേര്‍ന്നു ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ സുഹൃത്ത് ഗള്‍ഫില്‍ പോകുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കായി ഒത്തുകൂടിയതായിരുന്നു. ഷാപ്പില്‍ നിന്നു കള്ളും മാംസം ഉള്‍പ്പടെയുള്ള ആഹാരവും കഴിച്ചു മടങ്ങിയ ഇവര്‍ക്ക് ശനിയാഴ്ച രാത്രി പത്തോടെ ദേഹാസ്വ സ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.


തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍നിന്നു ഫുഡ് & സേഫ്റ്റി ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഷാപ്പില്‍ പരിശോധന നടത്തി ഷാപ്പ് പൂട്ടിച്ചു.