അഡ്വക്കറ്റ്സ് ക്ളാര്‍ക്സ് ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി ഇന്നു മുതല്‍
തിരുവനന്തപുരം: കേരള അഡ്വക്കറ്റ്സ് ക്ളാര്‍ക്സ് ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം ഇന്ന് ആരംഭിക്കും. ക്ഷേമനിധിയില്‍ എട്ടു വര്‍ഷത്തെ അംഗത്വവും 2012 ഏപ്രില്‍ 30 ന് 60 വയസും പൂര്‍ത്തിയാക്കിയ വക്കീല്‍ ഗുമസ്തന്മാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും. ഇതുസംബന്ധിച്ച പദ്ധതിക്കു കഴിഞ്ഞ നാലിനു സര്‍ക്കാര്‍ അംഗീകാരം നല്കിയിരുന്നു.

പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുച്ചകഴിഞ്ഞു രണ്ടിനു കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ധനമന്ത്രി കെ.എം. മാണി നിര്‍വഹിക്കും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി വിശിഷ്ടാതിഥിയായിരിക്കും

തൊഴിലില്‍നിന്നു പിരിയുന്ന അംഗങ്ങള്‍ക്കു സേവനകാലമനുസരിച്ച് പരമാവധി രണ്ടുലക്ഷം രൂപയും പ്രതിമാസം പരമാവധി 600 രൂപ വരെ പെന്‍ഷനും ലഭിക്കും. കാലശേഷം ആശ്രിതര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. അംഗങ്ങള്‍ക്കോ ആശ്രിതര്‍ക്കോ പ്രതിവര്‍ഷം 30,000 രൂപവരെ ചികിത്സാസഹായം, പ്രതിവര്‍ഷം 300 രൂപ ഉത്സവബത്ത എന്നിവയും ലഭിക്കും.


ക്ഷേമനിധി കമ്മിറ്റിയുടെ അംഗീകാരമുള്ള അഡ്വക്കറ്റ്സ് ക്ളാര്‍ക്സ് അസോസിയേഷനില്‍ അംഗത്വമുള്ളവര്‍ക്കു ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. സംസ്ഥാനമൊട്ടാകെ 91 യൂണിറ്റുകള്‍ക്ക് ഇതിനകം അംഗീകാരം നല്കിയിട്ടുണ്ട്. അയ്യായിരത്തിലധികം അംഗങ്ങള്‍ ക്ഷേമനിധിയില്‍ ചേര്‍ന്നു. വാര്‍ഷിക വരിസംഖ്യ 1200 രൂപയാണ്. നാലു തവണകളായി അടയ്ക്കാം.

അംഗത്വഫീസ്, ക്ഷേമനിധി സ്റാമ്പ് വില്പന, സംസ്ഥാന സര്‍ക്കാര്‍ ഈ കമ്മിറ്റിയിലേക്കു കൈമാറുന്ന കേരള ലീഗല്‍ ബെനിഫിറ്റ് ഫണ്ടില്‍ നിന്നുള്ള 30 ശതമാനം വിഹിതം എന്നിവയാണു ക്ഷേമനിധിയുടെ മുഖ്യ സാമ്പത്തിക സ്രോതസുകള്‍.