മുഖപ്രസംഗം: കൊലക്കളങ്ങള്‍ തീര്‍ക്കുന്ന വാഹനങ്ങള്‍
Monday, September 9, 2013 10:32 PM IST
വാഹനാപകടങ്ങള്‍ കേരളത്തിലെ പൊതുനിരത്തുകളെ കൊലക്കളങ്ങളാക്കി മാറ്റുകയാണ്. മലപ്പുറം ജില്ലയിലെ തേലക്കാട്ട് കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യബസ് നിയന്ത്രണംവിട്ടു മരത്തിലിടിച്ചു മറിഞ്ഞ് 14 പേര്‍ കൊല്ലപ്പെട്ട സംഭവം വാഹനങ്ങളുടെ പഴക്കവും അമിതവേഗവും വരുത്തിവയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം ആദ്യത്തെ അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 1,900 പേരാണ്. ഇക്കാലത്തുണ്ടായ 15,717 വാഹനാപകടങ്ങളില്‍ 15,109 എണ്ണവും അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും വാഹനങ്ങളുടെ മോശം അവസ്ഥയും മൂലമാണെന്നു പോലീസിന്റെ കണക്കുകള്‍ പറയുന്നു.

ഓരോ അപകടമുണ്ടാകുമ്പോഴും അധികൃതര്‍ വാഹനപരിശോധനയും മറ്റും കൂടുതല്‍ കര്‍ശനമാക്കും. മലപ്പുറം അപകടത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലൊട്ടാകെയും വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും വളരെ സൂക്ഷ്മമായ വാഹനപരിശോധന നടന്നു. ഇതേത്തുടര്‍ന്നു നൂറോളം ബസുകള്‍ക്കു സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. സ്പീഡ് ഗവര്‍ണര്‍ (വേഗപ്പൂട്ട്) ഇല്ലാത്തതിന്റെ പേരില്‍ മലപ്പുറത്തുമാത്രം ശനിയാഴ്ച 34 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. സംസ്ഥാനത്താകെ 299 ബസുകള്‍ക്കു ചട്ടങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയതിന് അന്നു സ്റോപ്പ് മെമ്മോ നല്കി. വേഗപ്പൂട്ട് ഘടിപ്പിക്കാതെയും മറ്റു മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിക്കാതെയും സര്‍വീസ് നടത്തിയ 263 ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇന്നലെ റദ്ദാക്കുകയും 296 ബസുകള്‍ക്കു നോട്ടീസ് നല്‍കുകയും ചെയ്തു. സ്പീഡ് ഗവര്‍ണര്‍ പരിശോധന അടക്കമുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടികളില്‍ പ്രതിഷേധിച്ച് സ്വകാര്യബസുടമകള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ബസുകള്‍ വഴിയില്‍ തടഞ്ഞു പരിശോധന നടത്തുന്നതു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നതിനു സംശയമില്ല. പെര്‍മിറ്റ് റദ്ദാക്കലും അങ്ങനെതന്നെ. ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകകൂടിയാവുമ്പോള്‍ യാത്രക്കാര്‍ കുഴഞ്ഞതുതന്നെ.

വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനു സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന നിയമമുണ്െടങ്കിലും അതു പാലിക്കാന്‍ പല വാഹന ഉടമകളും തയാറാവുന്നില്ല. ബസില്‍ വേഗപ്പൂട്ട് സ്ഥാപിച്ചാല്‍ത്തന്നെ പെര്‍മിറ്റ് പുതുക്കലും പരിശോധനയുമൊക്കെ കഴിയുമ്പോള്‍ അത് അഴിച്ചുമാറ്റുകയോ പ്രവര്‍ത്തനക്ഷമമല്ലാതാക്കുകയോ ചെയ്യും. സ്പീഡ് ഗവര്‍ണറില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗ് നേരത്തേ അറിയിച്ചിരുന്നതാണ്. മലപ്പുറത്ത് അപകടത്തില്‍പ്പെട്ട ബസിന്റെ 'ഫിറ്റ്നസ്' പ്രത്യക്ഷത്തില്‍ത്തന്നെ ബോധ്യമാകുന്നതായിരുന്നു. തലകീഴായിക്കിടന്ന ബസിന്റെ ആറു ടയറുകളും ഏറെ തേഞ്ഞിരുന്നു. ടയറുകളുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളില്‍നിന്നുതന്നെ വ്യക്തമായി.

മലപ്പുറം ജില്ലയിലെ താനൂര്‍ മുക്കോലയില്‍ തലേ വെള്ളിയാഴ്ച ഓട്ടോറിക്ഷയില്‍ ബസിടിച്ചു നാലു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു കൊല്ലപ്പെട്ടത്. മുക്കോലയിലും തേലക്കാട്ടുമുണ്ടായ അപകടങ്ങള്‍ക്കു മുഖ്യകാരണമായി ദൃക്സാക്ഷികള്‍ പറയുന്നത് അമിതവേഗമാണ്. മുക്കോലയിലെ അപകടത്തിനു ശേഷവും വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനോ വേഗപ്പൂട്ടു സംബന്ധിച്ച നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്െടന്ന് ഉറപ്പുവരുത്താനോ ആരും മിനക്കെട്ടില്ലെന്നു വേണം കരുതാന്‍. വാഹനങ്ങളില്‍ വേഗപ്പൂട്ടു സ്ഥാപിക്കുന്നതു സംബന്ധിച്ച ചട്ടം 1993 ജൂലൈയിലാണു നിലവില്‍ വന്നത്. അന്നുമുതല്‍ ഇതിനെതിരേ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.


കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. 1964ല്‍ ഒരു ലക്ഷം വാഹനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളതു 90 ലക്ഷം വാഹനമാണ്. എഴുപത്താറു ലക്ഷം വാഹനങ്ങള്‍ കേരളത്തില്‍ത്തന്നെ രജിസ്റര്‍ ചെയ്തവയാണ. പതിനഞ്ചു ലക്ഷത്തോളം അന്യസംസ്ഥാന വാഹനങ്ങളും കേരളത്തിലൂടെ ഓടുന്നുണ്ട്. ഇവയ്ക്കെല്ലാം കടന്നുപോകാനുള്ളതാകട്ടെ ഇടുങ്ങിയ റോഡുകളും. ദേശീയപാതയുടെ വീതിപോലും പരമാവധി കുറയ്ക്കാനാണു നാം നിയമസഭയില്‍ സംയുക്തപ്രമേയം പാസാക്കിയത്. ഇത്തരം നിലപാടുകള്‍ വരുംകാലങ്ങളില്‍ നമ്മുടെ റോഡുഗതാഗതത്തെ ഏറെ ദോഷകരമായി ബാധിക്കാനും അപകടനിരക്കു വര്‍ധിപ്പിക്കാനും ഇടയുണ്ട്.

കേരളത്തിലെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം അധികം വൈകാതെ ഒരു കോടി കവിയും. ഇത്രയും വാഹനങ്ങളുടെ രജിസ്ട്രേഷന്‍, പെര്‍മിറ്റ് പുതുക്കല്‍, നികുതി എന്നീ കാര്യങ്ങള്‍ നോക്കാനും വാഹനപരിശോധന, ഡ്രൈവിംഗ് ലൈസന്‍സ് നല്‍കല്‍ എന്നിവ നടത്താനുമൊക്കെ മോട്ടോര്‍ വാഹന വകുപ്പിലുള്ളതാകട്ടെ രണ്ടായിരത്തില്‍ത്താഴെ ജീവനക്കാരും. ഇവരില്‍, വാഹനപരിശോധനയ്ക്കു യോഗ്യതയുള്ളവര്‍ കഷ്ടിച്ച് അറുന്നൂറു മാത്രം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു പല നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്െടങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ലെന്നാണു ദിനംപ്രതിയുള്ള അപകടങ്ങള്‍ വ്യക്തമാക്കുന്നത്.

സ്വകാര്യബസുകളുടെ മത്സരപ്പാച്ചിലാണു വാഹനാപകടങ്ങളുടെ മുഖ്യകാരണങ്ങളിലൊന്ന്. വ്യക്തമായ സമയക്രമം നല്‍കാനും അതു പാലിക്കുന്നുണ്േടാ എന്നു പരിശോധിക്കാനും സാധിച്ചാല്‍ മത്സരയോട്ടത്തിനു കുറെയൊക്കെ കടിഞ്ഞാണിടാനാവും. ചേര്‍ത്തല-കോട്ടയം, എറണാകുളം-കോട്ടയം റൂട്ടുകളില്‍ സ്വകാര്യബസുകളുടെ മത്സരപ്പാച്ചില്‍ ഒഴിവാക്കുന്നതിനു വരുമാനം പങ്കുവയ്ക്കുന്ന ഒരു സംവിധാനം നടപ്പാക്കിയിരുന്നു. സര്‍വീസ് നടത്തുന്നതിനാവശ്യമായ നിശ്ചിത തുക എല്ലാ ബസുകള്‍ക്കും തുല്യമായി നല്‍കി ബാക്കി വരുമാനം വീതംവയ്ക്കുന്ന സമ്പ്രദായം ഓവര്‍ടേക്കിംഗും മത്സരയോട്ടവും ഒഴിവാക്കാന്‍ സഹായകമായി. കൃത്യമായ പഞ്ചിംഗ് സംവിധാനവും നടപ്പാക്കണം. ബസുടമകളുടെ ഭാഗത്തുനിന്നും ജീവനക്കാരുടെ ഭാഗത്തുനിന്നുമുള്ള സഹകരണംകൂടിയുണ്െടങ്കിലേ ബസപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കൂ. കെഎസ്ആര്‍ടിസി ബസുകളുടെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്.

വലിയ അപകടങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടുമ്പോള്‍ ചെറിയ നിരവധി അപകടങ്ങള്‍ നമുക്കുചുറ്റും നടക്കുന്നതു പലരും അറിയുന്നില്ല. അമിതവേഗമല്ലെങ്കില്‍ അശ്രദ്ധ, മദ്യപിച്ചുള്ള ഡ്രൈവിംഗ്, വാഹനങ്ങളുടെ തകരാര്‍ ഇവയില്‍ ഏതെങ്കിലുമാണ് അപകടത്തിനു കാരണമാകാറുള്ളത്. ഒഴിവാക്കാവുന്നവയാണു മിക്ക അപകടങ്ങളുമെന്നര്‍ഥം. അപകടങ്ങള്‍ക്ക് ഇരകളാകുന്ന ഒട്ടുമിക്കവരും നിരപരാധികളാണെന്നതാണു കൂടുതല്‍ ഖേദകരം. മറ്റുള്ളവരുടെ അശ്രദ്ധയ്ക്കും നിയമലംഘനത്തിനും ഇരയാകേണ്ടിവരുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ ശക്തമായേ തീരൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.