സംസ്ഥാനത്തെ എല്ലാ സംഘടനാ വിഷയങ്ങളും പാര്‍ട്ടി കമ്മീഷന്‍ പരിശോധിക്കുമെന്നു കാരാട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ നേതാക്കള്‍ തന്നെ മുന്‍കൈയെടുക്കണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു.

അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ നേതാക്കള്‍ തന്നെ രണ്ടുതട്ടിലായി നില്‍ക്കുന്നതു കേരളത്തിലെ പാര്‍ട്ടിക്കു ഗുണകരമാകില്ലെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി സമരം സംഘടിപ്പിക്കേണ്ട കാലമാണെന്നും കാരാട്ട് യോഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ സംഘടനാ വിഷയങ്ങള്‍ എല്ലാം തന്നെ പോളിറ്റ്ബ്യൂറോ നിയോഗിച്ച ആറംഗ കമ്മീഷന്‍ പരിശോധിക്കും. വി.എസ് അച്യുതാനന്ദന്റെ പ്രതിപക്ഷ നേതുസ്ഥാനത്തെ സംബന്ധിച്ചുള്ള കാര്യങ്ങളും ഇക്കൂട്ടത്തില്‍ പരിശോധിക്കുമെന്നും പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ടു ചെയ്തുകൊണ്ടു കാരാട്ട് പറഞ്ഞു.


സംസ്ഥാനത്തെ സംഘടനാ വിഷയങ്ങള്‍ പരിശോധിക്കാന്‍ പോളിറ്റ് ബ്യൂറോ കമ്മീഷനെ നിയോഗിച്ച സാഹചര്യത്തില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തു കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്നും കാരാട്ട് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു.

വിഎസിന്റെ പേഴ്സണല്‍ സ്റാഫംഗങ്ങളായ എ.സുരേഷ്, വി.കെ. ശശിധരന്‍, കെ.ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യം പിന്നീടു പത്രക്കുറിപ്പിലൂടെ പാര്‍ട്ടി അറിയിക്കുകയും ചെയ്തു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള സമരപരിപാടികള്‍ എല്‍ഡിഎഫ് യോഗം കൂടി കൂടുതല്‍ ഊര്‍ജസ്വലമാക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു.