ലോട്ടറി: ഒരു കേസില്‍ക്കൂടി സിബിഐ അന്വേഷണം അവസാനിപ്പിച്ചു
കൊച്ചി: ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി സിബിഐ അന്വേഷണം അവസാനിപ്പിച്ചു. നിരോധിക്കപ്പെട്ട അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ടു കായംകുളം പോലീസ് രജിസ്റര്‍ ചെയ്ത കേസിലാണു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നു കണ്െടത്തി സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നിര്‍ത്തിയത്. കായംകുളം മേടമുക്ക് ആല്‍ഫ ലക്കി സെന്ററില്‍നിന്നു സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകളുടെ വില്പന നടത്തിയെന്ന കേസില്‍ കരുനാഗപ്പള്ളി സ്വദേശി ഷാജി, കൊല്ലം സ്വദേശി ജയകുമാര്‍, പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ ജോണ്‍ കെന്നഡി എന്നിവരെയാണു പോലീസ് പ്രതികളാക്കിയിരുന്നത്. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നാണ് 35 സാക്ഷികളില്‍നിന്നു മൊഴിയെടുക്കുകയും നിരവധി രേഖകള്‍ പരിശോധിക്കുകയും ചെയ്തതില്‍ നിന്നു സിബിഐ കണ്െടത്തിയത്. വ്യാജ ലോട്ടറികളല്ല, യഥാര്‍ഥ ലോട്ടറികളാണ് വില്‍പന നടത്തിയതെന്നും നിയമപ്രകാരം അച്ചടിച്ച ടിക്കറ്റുകളാണിവയെന്നും വില്പന നികുതി ഉള്‍പ്പെടെ അടച്ചിരുന്നെന്നും സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ജനുവരി 12നാണ് പോലീസ് സ്ഥാപനം റെയ്ഡ് ചെയ്ത് 1,300 അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തിരുന്നു.