ധനമന്ത്രി കെ.എം. മാണി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി
ചങ്ങനാശേരി: കേരള കോണ്‍ഗ്രസ്-എം ലീഡര്‍ ധനമന്ത്രി കെ.എം. മാണി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 1.05ന് എന്‍എസ്എസ് ആസ്ഥാനത്തെത്തിയ മന്ത്രി മാണി 50 മിനിറ്റോളം ജനറല്‍ സെക്രട്ടറിയുമായി ഗസ്റ്ഹൌസിലെ അടച്ചിട്ട മുറിയിലാണ് ചര്‍ച്ച നടത്തിയത്. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും ബന്ധു വീട്ടില്‍ വരുന്നതുപേലെയുള്ള സന്ദര്‍ശനം മാത്രമാണെ ന്നും കെ.എം. മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍, കാലികമായ രാ ഷ്ട്രീയ വിഷയങ്ങള്‍ കെ.എം. മാണിയുമായി ചര്‍ച്ച ചെയ്തതെന്നും മാധ്യമങ്ങളോട് അതു വെളിപ്പെടുത്താനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹാരിക്കുന്നതിനുള്ള ചര്‍ച്ചകളുണ്ടായില്ല. ഭരണത്തിലും യുഡിഎഫിലുമുണ്ടായിരിക്കുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം ഉമ്മന്‍ ചാണ്ടിയും രമേശുമാണ്.


എത്ര ചര്‍ച്ച ചെയ്താലും കോണ്‍ഗ്രസുമായുള്ള ഭിന്നത മാറില്ല. ഘടക കക്ഷികളുമായി അഭിപ്രായ ഭിന്നതയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കെ.എം. മാണിക്ക് നായര്‍ സര്‍വീസ് സൊസൈറ്റിയുമായി മന്നത്ത് പത്മനാഭന്റെ കാലം മുതല്‍ ബന്ധമുണ്െടന്നും ഈ ബന്ധം ഇന്നും ഊഷ്മളമായി തുടരുകയാണെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.