തര്‍ക്കവിഷയങ്ങള്‍ക്കു പരിഹാരം തേടി യുഡിഎഫ് യോഗം ഇന്ന്
Friday, May 17, 2013 11:12 PM IST
തിരുവനന്തപുരം: യുഡിഎഫില്‍ ചെറിയ ഘടകകക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്നണി നേതൃയോഗം ഇന്നു ചേരുന്നു. രാവിലെ ഒമ്പതിനു ക്ളിഫ് ഹൌസിലാണു യോഗം.

ജെഎസ്എസും സിഎംപിയും മുന്നണിനേതൃത്വവുമായി പല വിഷയങ്ങളിലും അകന്നുനില്‍ക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന വിഷയത്തിലുള്‍പ്പെടെ സിഎംപി പ്രതിഷേധത്തിലാണ്. പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കത്തെയാണു സിഎംപി എതിര്‍ക്കുന്നത്.

ഇരു കോളജുകളുടെയും ആസ്തി, ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ കോളജ് ഏറ്റെടുക്കുന്ന വിഷയം ചര്‍ച്ചയ്ക്കു വന്നേക്കും.ബോര്‍ഡ്, കോര്‍പറേഷന്‍ അംഗത്വ വിഭജനം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ഇന്നു ചര്‍ച്ചയ്ക്കു വരും. ഇതു സംബന്ധിച്ച് ഘടകകക്ഷികളില്‍ പലര്‍ക്കും പരാതിയുണ്ട്.കെ.ബി. ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവുനിലനില്‍ക്കുകയാണ്. ഈ ഒഴിവു നികത്തുന്ന വിഷയവും ഉന്നയിക്കപ്പെട്ടേക്കാം.


ഗണേഷ്കുമാറിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് -ബി ഇതിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടിലാണ്. മന്ത്രിസഭാ പുനഃസംഘടനയേക്കുറിച്ചു വാര്‍ത്തകള്‍ പുറത്തുവരുന്നുണ്െടങ്കിലും ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കു വരാന്‍ സാധ്യത കുറവാണ്.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഇന്നു നടക്കുന്ന പശ്ചാത്തലത്തില്‍ ദീര്‍ഘമായ യോഗം ഉണ്ടാകുകയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.