കേരളയാത്ര സമാപനം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനം നാളെ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിനു സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ. കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

കഴിഞ്ഞ 18 നു കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍നിന്നാണു യാത്ര ആരംഭിച്ചത്. ഇന്നലെ തിരുവനന്തപുരം ജില്ലയിലെ പാറശാലയിലായിരുന്നു കേരളയാത്രയുടെ അവസാന സ്വീകരണ യോഗം. 140 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയ കേരളയാത്രയുടെ ഔദ്യോഗിക സമാപന സമ്മേളനമാണ് നാളെ നടക്കുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. യാത്രയില്‍ ലഭിച്ച നിവേദനങ്ങളും ആവശ്യങ്ങളും ഉള്‍പ്പെടുത്തി വികസനരേഖ കെപിസിസി തയാറാക്കും. ഈ വികസനരേഖയുടെ പതിപ്പ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.