പുനഃസംഘടന എന്‍എസ്എസിന്റെ അക്കൌണ്ടിലാക്കേണ്ട: സുകുമാരന്‍ നായര്‍
ചങ്ങനാശേരി: മന്ത്രിസഭാ പുനഃസംഘടന എന്‍എസ്എസിന്റെ അക്കൌണ്ടില്‍പ്പെടുത്താന്‍ ആരും ശ്രമിക്കേണ്െടന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

ധനമന്ത്രി കെ.എം. മാണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് സുകുമാരന്‍ നായര്‍ ഇങ്ങനെ പ്രതികരിച്ചത്. മാണിയുമായി സൌഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും മറ്റൊരു ചെപ്പടിവിദ്യ മാത്രമാണ്. പുനഃസംഘടനയിലൂടെ എന്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. ഈ പുനഃസംഘടന ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുന്നതുപോലെയാകും. കഴിഞ്ഞ പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലയെ ഒഴിവാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വകുപ്പു മാറ്റി ആഭ്യന്തരം നല്‍കുകയായിരുന്നു. പുനഃസംഘടന യുഡിഎഫിന്റെ കാര്യമാണ്.

രമേശിനെ മന്ത്രിയാക്കണമെന്ന് എന്‍എസ്എസ് ഇനി ആവശ്യപ്പെടില്ല. തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്ന കാര്യത്തെക്കുറിച്ചും പ്രതികരിക്കുന്നില്ല. - സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാനും പിറവം തെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനെ വിജയിപ്പിക്കാനും എന്‍എസ്എസ് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്.


സര്‍ക്കാരിന്റെ ശരിയായ നിലനില്പിനു വേണ്ടിയാണു ഭൂരിപക്ഷസമുദായ പ്രതിനിധിയായ കെപിസിസി പ്രസിഡന്റിനെ ഭരണത്തിന്റെ താക്കോല്‍സ്ഥാനത്തു കൊണ്ടുവരണമെന്നു താന്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുമറിയാം.

കോണ്‍ഗ്രസും എന്‍എസ്എസുമായുണ്ടാക്കിയ ധാരണകളെല്ലാം ഉമ്മന്‍ ചാണ്ടിയും രമേശും ചേര്‍ന്നാണ് തകര്‍ത്തത്. ഈ ധാരണകള്‍ പൊളിച്ച സാഹചര്യം എന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിനുവേണ്ടി നിലകൊണ്ട എന്‍എസ്എസിനെ തള്ളിപ്പറയുകയാണ് ഇരുവരും ചെയ്തത്. സാമൂഹ്യനീതി നടപ്പാക്കണമെന്നു മാത്രമേ എന്‍എസ്എസ് ആവശ്യപ്പെടുന്നുള്ളൂ. എന്‍എസ്എസ് ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് കാര്യങ്ങള്‍ അദ്ദേഹത്തിനു മനസിലായതുകൊണ്ടാണെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.