മന്ത്രിസ്ഥാനത്തെപ്പറ്റി ചര്‍ച്ച ചെയ്തിട്ടില്ല: രമേശ് ചെന്നിത്തല
മന്ത്രിസ്ഥാനത്തെപ്പറ്റി ചര്‍ച്ച ചെയ്തിട്ടില്ല:  രമേശ് ചെന്നിത്തല
Friday, May 17, 2013 11:11 PM IST
തിരുവനന്തപുരം: തന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് ഇതുവരെ കോണ്‍ഗ്രസില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളയാത്രയോടനുബന്ധിച്ചു തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റ് സ്ഥാനം മാറുന്നതും മന്ത്രിയായി സ്ഥാനമേല്‍ക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതു ഹൈക്കമാന്‍ഡാണ്. എന്നാല്‍, ഇക്കാര്യങ്ങളെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സംസ്ഥാനത്തു മന്ത്രിസഭാ രൂപീകരണവേളയിലും വകുപ്പുമാറ്റ സമയത്തും മന്ത്രിസഭയിലേക്കു വരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നോടു നേരിട്ട് ആവശ്യപ്പെട്ടതാണ്. പാര്‍ട്ടിയെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു സജ്ജമാക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. കെപിസിസി പ്രസിഡന്റ്സ്ഥാനം ഏറ്റെടുത്തതു കോണ്‍ഗ്രസിന്‍െ ഏറ്റവും ദുര്‍ഘടമായ കാലഘട്ടത്തിലായിരുന്നു. അവിടെനിന്നു പാര്‍ട്ടിയെ ഭരണത്തില്‍ എത്തിക്കാന്‍ സാധിച്ചു. ഈ കാലയളവില്‍ ഉമ്മന്‍ചാണ്ടിയും താനും ഒരേ മനസോടെയാണു പ്രവര്‍ത്തിച്ചത്. യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ വിവിധ സമുദായ സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. യുഡിഎഫ് സമുദായ സംഘടനകളുമായി ഏറ്റുമുട്ടലിനില്ല. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്യ്രമുണ്ട്.


എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്െടങ്കില്‍ അവ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തയാറാണ്. തനിക്കെതിരേ ചിലര്‍ നടത്തുന്ന വ്യക്തിപരമായ ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ല. സാമുദായിക സംഘടനകളുടെ സമ്മര്‍ദം മുന്നണിയെ ബാധിക്കില്ല. അവര്‍ ആവശ്യങ്ങള്‍ ഉന്നയിക്കും. എന്നാല്‍, അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ല. യുഡിഎഫ് എന്നും എല്ലാ സമുദായങ്ങളുമായും നല്ല ബന്ധത്തില്‍ പോകാനാണ് ആഗ്രഹിച്ചിട്ടുള്ളത്. വികസന കാര്യങ്ങളില്‍ യോജിച്ചുപോകാന്‍ രാഷ്ട്രീയ കക്ഷികള്‍ തയാറാവണം.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ പരിപാടികള്‍ ഏറെ ജനോപകാരപ്രദമാണ് . ഈ പരിപാടിയെ താന്‍ പ്രശംസിച്ചിട്ടുണ്ട്. നല്ലതു കണ്ടാല്‍ അതു മടികൂടാതെ പറയും. ഹരിപ്പാട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തന്നെ തോല്പിക്കാന്‍ ശ്രമിച്ചുവെന്ന വെള്ളാപ്പളളി നടേശന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. ഹരിപ്പാട്ടെ ജനങ്ങള്‍ക്കു തന്നെയും തനിക്ക് അവരെയും നന്നായി അറിയാമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.