കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പില്‍ ധീവര സമുദായത്തെ അവഗണിച്ചെന്ന്
കൊച്ചി: കെപിസിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ധീവര സമുദായത്തെ പാടെ അവഗണിച്ചതായി ധീവര സംരക്ഷണസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 80ലധികം ഭാരവാഹികളുടെ ജംബോ കമ്മിറ്റിയില്‍പോലും ധീവര സമുദായത്തെ പരിഗണിക്കാതിരുന്നതു കടുത്ത അനീതിയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായ നിലപാടു സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണു ധീവരസഭയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത്. എന്നാല്‍, ധീവര സമുദായത്തിനുവേണ്ടി പിന്നീടു യാതൊന്നും കോണ്‍ഗ്രസ് ചെയ്തില്ല. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രിയടക്കമുള്ള നേതാക്കളെ സമീപിക്കുമെന്നു ധീവരസംരക്ഷണ സമിതി ചെയര്‍മാന്‍ കെ.വി. ഷണ്‍മുഖന്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ വാരണാട് മോഹനന്‍, വൈസ് ചെയര്‍മാന്‍ കെ.ബി. സോമസുന്ദരം, കണ്‍വീനര്‍ ടി.എസ്. ബാലകൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.