നിര്‍ദേശിന്റെ മാസ്റര്‍ പ്ളാനും ഡിപിആറും: കണ്‍സള്‍ട്ടന്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കോഴിക്കോട് ചാലിയത്ത് പ്രവര്‍ത്തനം തുടങ്ങുന്ന നിര്‍ദിഷ്ട നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ഷിപ്പ് ബില്‍ഡിംഗിന്റെ (നിര്‍ദേശ്) മാസ്റര്‍ പ്ളാനും വിശദമായ പദ്ധതിരേഖയും തയാറാക്കുന്ന ഏജന്‍സികളെ കണ്െടത്താന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മുംബൈയിലെ പ്രതിരോധ കപ്പല്‍ശാല മസഗോണ്‍ ഡോക്സ് ലിമിറ്റഡ്(എംഡിഎല്‍) ആണു ടെന്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണോടെ നിലവിലുള്ള കെട്ടിടങ്ങള്‍ പ്രയോജനപ്പെടുത്തി ചാലിയത്ത് നിര്‍ദേശിന്റെ ഓഫീസ് പ്രവര്‍ത്തിച്ചുതുടങ്ങാന്‍ സാധിക്കുമെന്നു പ്രോജക്ട് ഡയറക്ടര്‍ ക്യാപ്റ്റന്‍ രമേശ് ബാബു പറഞ്ഞു.

ബേപ്പൂരിനടുത്തു ചാലിയത്ത് 40.52 ഹെക്ടര്‍ സ്ഥലത്താണു നിര്‍ദേശ് കാമ്പസ് സ്ഥാപിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കണ്‍സള്‍ട്ടന്റ് മുഴുവന്‍ സ്ഥലത്തിന്റെയും വികസനം സംബന്ധിച്ച മാസ്റര്‍പ്ളാന്‍ തയാറാക്കണം. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ അടിസ്ഥാനസൌകര്യ വികസനം സംബന്ധിച്ച വിശദമായ പദ്ധതിരേഖയും തയാറാക്കണം. സമീപഗ്രാമങ്ങളുടെ സ്വച്ഛതയ്ക്കു ഭംഗംവരുത്താത്ത തരത്തില്‍ പരിസ്ഥിതി സൌഹൃദപരമാകണം കാമ്പസ്. നിര്‍ദേശിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു പ്രത്യേക നിര്‍മാണ പാര്‍ക്കുകള്‍ ഉണ്ടാക്കും. സവിശേഷ ദൌത്യങ്ങള്‍ ഇവയ്ക്കു നല്‍കും. പാര്‍ക്കുകള്‍ മൂന്നു ഘട്ടങ്ങളായാണു പൂര്‍ത്തിയാക്കുക. ആദ്യഘട്ടം അനുമതി കിട്ടുന്ന മുറയ്ക്കു മൂന്നു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കും.