കേരളത്തിലെ സാധ്യതകള്‍ ഇനിയും പ്രയോജനപ്പെടുത്താം: ഉമ്മന്‍ ചാണ്ടി
കൊച്ചി: കേരളത്തിലെ അവസരങ്ങളെ ഇതിലും കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതായിരുന്നുവെന്നും അക്കാര്യത്തില്‍ സര്‍ക്കാരിനു വീഴ്ച്ചപറ്റിയിട്ടുണ്െടന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇനി അത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനാണു ശ്രമിക്കേണ്ടത്. കേരളാ മാനേജ്മെന്റ് അസോസിയേഷന്‍(കെഎംഎ) നല്കുന്ന മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്-2013 ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യുവിനു നല്‍കി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നടത്തി പുറത്തിറങ്ങുന്നവര്‍ക്ക് ഇവിടെ തന്നെ തൊഴില്‍ നല്‍കാനാണു ശ്രമിക്കുന്നത്. നല്ല അന്തരീക്ഷം സൃഷ്ടിച്ച് അവസരങ്ങള്‍ ഫലപ്രദമയി ഉപയോഗിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


എമര്‍ജിംഗ് കേരളയില്‍ വി.കെ.മാത്യു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബൃഹത്തായതായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ തന്റേടത്തോടുകൂടി നടപ്പിലാക്കാന്‍ അദ്ദേഹത്തിനാകുന്നു എന്നതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ ഈ വിജയങ്ങള്‍. പ്രവര്‍ത്തനമേഖലയില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ പരിശ്രമങ്ങളാണു കേരളത്തിലെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്കു പിന്നിലുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാസ്കോം ചെയര്‍മാന്‍ കൃഷ്ണകുമാര്‍ നടരാജന്‍, കെഎംഎ പ്രസിഡന്റ് എസ്.ആര്‍. നായര്‍, സെക്രട്ടറി രാജന്‍ ജോര്‍ജ്, കെ.എന്‍. ശാസ്ത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു.