ഫെയ്സ്ബുക്ക് ഫോബിയ: മോഷ്ടിച്ച പണം തപാലില്‍
മുളങ്കുന്നത്തുകാവ്: 'സുഹൃത്തെ, എന്റെ മേശയില്‍ നിന്നും പണം മോഷ്ടിച്ച വ്യക്തിയുടെ ഫോട്ടോ എനിക്കു ലഭിച്ചിട്ടുണ്ട്. അയാളുടെ ഫോട്ടോ ഞാന്‍ ഫെയ്സ് ബുക്കിലിടുകയാണ്', ഒരു ഇന്റര്‍നെറ്റ് കഫേ ഉടമ പരിചയക്കാരന് അയച്ച മൊബൈല്‍ സന്ദേശമാണിത്. രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ഒരു തപാല്‍. തുറന്നുനോക്കിയ ഉടമ അന്തംവിട്ടു. തന്റെ മേശവലിപ്പില്‍നിന്നും മോഷണം പോയ പണം.

മുളങ്കുന്നത്തുകാവിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഇന്റര്‍നെറ്റ് കഫേ ഉടമയുടെ പണം നഷ്ടപ്പെട്ടിരുന്നു. കഫേയില്‍ തിരക്കു കുറഞ്ഞശേഷം ഉടമ തൊട്ടടുത്തുള്ള കടയിലേക്കുപോയ സമയത്താണ് മോഷണം നടന്നത്. കടയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിനു മോഷണം നടന്നത് അറിയാന്‍ സാധിച്ചില്ല. പിന്നീട് മേശ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടമ ദുഃഖിതനായെങ്കിലും 700 രൂപ മാത്രമല്ലേ മോഷണം പോയുള്ളൂ എന്നോര്‍ത്ത് ആശ്വസിച്ചു. തുടര്‍ന്ന് വൈകുന്നേരം എല്ലാ കമ്പ്യൂട്ടറുകളും ഓഫാക്കാന്‍വേണ്ടി കമ്പ്യൂട്ടറില്‍ സ്ഥാപിച്ച കാമറ ഓടിച്ചുനോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള യുവാവിന്റെ ഫോട്ടോയായിരുന്നു കാമറയില്‍. ഇയാള്‍ മേശവലിപ്പു തുറന്നു പണമെടുത്തു പോക്കറ്റില്‍ ഇടുന്നതും കാമറയില്‍ പതിഞ്ഞിരുന്നു.


പരിചയക്കാരനായ യുവാവിനു ബണ്ടി ചോറിന്റെ സ്വഭാവമാണെന്നറിഞ്ഞ് ഉടമ യുവാവിന്റെ ഫോണിലേക്കു സന്ദേശം അയച്ചു. കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലിടുമെന്നു സന്ദേശത്തില്‍ വ്യക്തമാക്കി. ഉടന്‍ പ്രതിയുടെ മറുപടിസന്ദേശവും ലഭിച്ചു. 'അബദ്ധം പറ്റിയതാണ്. ക്ഷമിക്കണം. ഫെയ്സ്ബുക്കിലോ പോലീസിലോ പരാതി നല്‍കരുത്. മാപ്പാക്കണം'. യുവാവിന്റെ മറുപടിയില്‍ ഉടമ കനിഞ്ഞു. പരാതി നല്കാനോ അര കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന യുവാവിനെ കണ്ട് പണം തിരികെ ചോദിക്കാനോ അദ്ദേഹം മുതിര്‍ന്നില്ല. ഇതിനിടെയാണ് മോഷ്ടിച്ച പണം തപാലിലെത്തിയത്.