ദേവസ്വം ബോര്‍ഡിലെ ഒഴിവുകള്‍ ആറുമാസത്തിനകം നികത്തണമെന്നു ഹൈക്കോടതി
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നേരിട്ടുള്ള നിയമനത്തിലെ ഒഴിവുകള്‍ ആറു മാസത്തിനകം നികത്താന്‍ സ്ഥിരം നിയമന സമിതി ഉണ്ടാക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ജസ്റീസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, ജസ്റീസ് എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്കു വിടാന്‍ തീരുമാനിച്ചെങ്കിലും ഇതിനായി ചട്ടമുണ്ടാക്കാത്തതിനാല്‍ വര്‍ഷങ്ങളായി റെഗുലര്‍ നിയമനങ്ങള്‍ നടക്കുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് നിയമനസമിതിക്കു രൂപം നല്‍കാന്‍ നിര്‍ദേശിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിലെ താത്കാലിക ജീവനക്കാരുടെ ജോലി ദിവസം 179 ദിവസമായി നിജപ്പെടുത്തിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജികളും ആശ്രിത നിയമനം സംബന്ധിച്ച ഹര്‍ജികളും ചെറിയ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ളാര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളും ഒരുമിച്ചു പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ ക്ളാര്‍ക്കുമാരുടെ ഒഴിവുകള്‍ ധാരാളമുണ്െടന്നും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുമെന്നും ചൂണ്ടിക്കാട്ടി ദേവസ്വം ഓംബുഡ്സ്മാന്‍ റിട്ട. ജസ്റീസ് ആര്‍. ഭാസ്കരന്‍ 2008 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇതോടൊപ്പം ഹൈക്കോടതി പരിഗണിച്ചു.

ജീവനക്കാരില്ലെന്ന കാര്യം ശരിയാണെന്നും വഴിപാടു രസീതുകള്‍ നല്‍കാന്‍ പോലും ആളില്ലാത്ത സ്ഥിതി പല ക്ഷേത്രങ്ങളിലുമുണ്െടന്നും റിപ്പോര്‍ട്ടിലുണ്ട്. മതിയായ ജീവനക്കാരില്ലാത്ത സാഹചര്യം ക്ഷേത്രവരുമാനത്തെ ത്തന്നെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്കല ജഗന്നാഥ സ്വാമി ക്ഷേത്രത്തോടു ചേര്‍ന്ന് കടലിന് അഭിമുഖമായി നിര്‍മിച്ച നാലു കോട്ടേജുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്നും നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഇവിടെ ഒരു വാച്ച്മാന്‍ പോലും ഇല്ലാത്ത നിലയാണെന്നും ഓംബുഡ്സ്മാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയമനത്തിനുള്ള സ്പെഷല്‍ റൂള്‍ തയാറാക്കിയിട്ടില്ലെന്ന കാര്യം കൂടി പരിഗണിച്ചാണ് ഒഴിവുകള്‍ നികത്താന്‍ സ്ഥിരം നിയമന സമിതിക്ക് രൂപം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്.

ബോര്‍ഡിനു കീഴില്‍ 1200 ഓളം ക്ഷേത്രങ്ങളുണ്ട്. മിക്ക ക്ഷേത്രങ്ങളിലെയും സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്ക് ക്ഷേത്രഭരണത്തോടൊപ്പം ഭാരിച്ച മറ്റു ജോലികളും ചെയ്യേണ്ടി വരുന്നുണ്ട്. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചുള്ള പൂജാ കര്‍മങ്ങളും ക്ഷേത്ര ഭരണവും സുഗമമായി നടത്താന്‍ മതിയായ ജീവനക്കാരെ നിയമിക്കണം. അല്ലാത്തപക്ഷം ക്ഷേത്രത്തിന്റെ വരുമാനവും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം നിയമനങ്ങള്‍ക്കായി ഉന്നതാധികാര റിക്രൂട്ട്മെന്റ് ബോര്‍ഡ് ഉണ്ടാക്കണമെന്ന് 2007 ഡിസംബര്‍ 19 ന് ജസ്റീസ് പരിപൂര്‍ണന്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി നിര്‍ദേശിച്ചിരുന്നു.

സുതാര്യമായി നിയമനം നടത്തുന്നതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപടി കൈക്കൊള്ളണം. താത്കാലിക ജീവനക്കാരുടെ ജോലി 179 ദിവസമായി നിജപ്പെടുത്തിയ ബോര്‍ഡിന്റെ നടപടി ശരിവച്ച ഹൈക്കോടതി ചെറിയ വേതനത്തില്‍ ജോലി നോക്കുന്നവരുടെ പ്രമോഷന്റെ കാര്യത്തില്‍ 35 ശതമാനം ക്വോട്ട പാലിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.