കണ്ണൂരില്‍ ആയുധ പരിശീലനകേന്ദ്രം കണ്െടത്തി; 21 പേര്‍ അറസ്റില്‍
കണ്ണൂരില്‍ ആയുധ പരിശീലനകേന്ദ്രം കണ്െടത്തി; 21 പേര്‍ അറസ്റില്‍
Wednesday, April 24, 2013 10:19 PM IST
കണ്ണൂര്‍: വിവാദ സംഘടനകളുടെ നിയന്ത്രണത്തില്‍ കണ്ണൂര്‍ നാറാത്ത് ആയുധപരിശീലനവും ബോംബു നിര്‍മാണവും നടന്നുവന്ന കേന്ദ്രം പോലീസ് കണ്െടത്തി. പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പേരെ അറസ്റ് ചെയ്തു. കാവല്‍ നിന്നിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു റിക്രൂട്ട് ചെയ്യുന്നവര്‍ക്കായി ആയുധപരിശീലനം നല്കുന്ന കേന്ദ്രമാണിതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ 11.30ന് കണ്ണൂര്‍ ഡിവൈഎസ്പി പി. സുകുമാരന്റെ നേതൃത്വത്തില്‍ മയ്യില്‍ എസ്ഐ കല്യാടന്‍ സുരേന്ദ്രന്‍, വളപട്ടണം സ്റേഷന്റെ ചുമതല വഹിക്കുന്ന എഎസ്പി ട്രെയിനി യതീഷ് ചന്ദ്ര, എസ്പിയുടെ ക്വിക് റെസ്പോണ്‍സ് ടീം, പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് ആയുധ പരിശീലനകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. തീവ്രവാദികളുടേതിനു തുല്യമായ പരിശീലകേന്ദ്രം കണ്െടത്തിയത് അതീവ ഗൌരവത്തോടെയാണു പോലീസ് കാണുന്നത്.

രണ്ടു നാടന്‍ബോംബുകളും ബോംബുനിര്‍മാണത്തിനുള്ള വെടിമരുന്ന്, കുപ്പിച്ചില്ല്, ഇരുമ്പാണികള്‍ എന്നിവയും മുക്കാല്‍ മീറ്റര്‍ നീളമുള്ള വാള്‍, കുറുവടികള്‍, ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ലഘുലേഖകള്‍ തുടങ്ങിയവയും പരിശീലനകേന്ദ്രത്തില്‍നിന്നു പിടിച്ചെടുത്തു. പട്ടികക്കഷണങ്ങള്‍ കൊണ്ടു നിര്‍മിച്ച മനുഷ്യരൂപവും കണ്െടടുത്തതില്‍പ്പെടുന്നു. ഇതില്‍ തുണി ചുറ്റി മനുഷ്യരൂപമുണ്ടാക്കി വെട്ടിയും കുത്തിയുമുള്ള ആയുധ പരിശീലനം നടത്തിയിരുന്നതായി സംശയമുണ്െടന്നു പോലീസ് പറഞ്ഞു.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ മിശ്രിതത്തില്‍ മുക്കിവച്ചനിലയില്‍ പ്രത്യേക രീതിയില്‍ കമ്പി ചുറ്റിയ ഇഷ്ടികക്കഷണവും കണ്െടത്തിയിട്ടുണ്ട്. എണ്ണ ആഗിരണം ചെയ്യുന്ന ഇഷ്ടികക്കഷണത്തിനു തീ കൊളുത്തിയാല്‍ ഏറെനേരം കെടാതെ കത്താനാകും. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ കെട്ടിടങ്ങളും മറ്റും തീവയ്ക്കുന്നതിന് ഉപയോഗിക്കുന്ന രീതിയാണിതെന്നു പോലീസ് ചൂണ്ടിക്കാട്ടി.


കൈകൊണ്ട് എഴുതിത്തയാറാക്കിയ ഏതാനും കുറിപ്പുകളും പിടികൂടിയിട്ടുണ്ട്. ഇതില്‍ ജില്ലയിലെ ചില തന്ത്രപ്രധാനമായ സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, ഹിറ്റ്ലിസ്റിനു സമാനമായ രീതിയിലുള്ള ചിലരുടെ പേരു വിവരങ്ങള്‍ എന്നിവയും ഉണ്െടന്നു പോലീസ് സൂചിപ്പിച്ചു. ഇറാന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡില്‍ സാദ്ദിഖ് മംഗലോടന്‍ എന്ന പേരും ഒരു യുവാവിന്റെ ഫോട്ടോയും അച്ചടിച്ചിരുന്നു.

നാറാത്ത് പാമ്പുരുത്തി റോഡില്‍ വയല്‍പ്രദേശത്തെ തെങ്ങിന്‍തോപ്പിനു നടുവിലായുള്ള കെട്ടിടത്തിലായിരുന്നു പരിശീലനകേന്ദ്രം. തണല്‍ എന്ന പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റിന്റെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോള്‍ കെട്ടിടത്തിന്റെ സമീപത്ത് ആളില്ലാത്ത നിലയില്‍ ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്നു. ഇതില്‍നിന്നു പ്ളാസ്റിക് സഞ്ചിയില്‍ പൊതിഞ്ഞു സൈലന്റ് മോഡിലാക്കിയ നിലയില്‍ 21 മൊബൈല്‍ ഫോണുകള്‍ കണ്െടത്തി.

എസ്ഡിപിഐയുടെ പ്രാദേശിക നേതാവിന്റേതാണു സ്കൂട്ടര്‍ എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണുകളില്‍നിന്നുള്ള കോള്‍ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്. മൊബൈല്‍ ഫോണുകള്‍ക്കൊപ്പം 21 പ്രത്യേകം കവറുകളില്‍ ഇംഗ്ളീഷില്‍ എഫ്എ 100 എന്നെഴുതിയ കുറിപ്പുകളും കണ്െടത്തി. ഓരോ കവറും പിന്‍ചെയ്ത നിലയിലായിരുന്നു.

പോലീസിനെ കണ്ടയുടന്‍ പരിശീലന കേന്ദ്രത്തിനു കാവല്‍ നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ പോലീസെത്തിയ വിവരം വിളിച്ചു പറഞ്ഞ് ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിനകത്തു പരിശീലനത്തിലേര്‍പ്പെട്ടവരും ഓടാന്‍ ശ്രമിച്ചെങ്കിലും പോലീസ് വാതില്‍ പുറമേനിന്നു പൂട്ടി മുഴുവന്‍ പേരെയും പിടികൂടി. മയ്യില്‍ പോലീസ് സ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നതെങ്കിലും പിടിയിലായവരെ ഉടന്‍തന്നെ തൊട്ടടുത്ത വളപട്ടണം പോലീസ് സ്റേഷനിലേക്കു മാറ്റി. കണ്ണൂര്‍ എസ്പിയുടെ ചുമതലയുള്ള കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ബി. വേണുഗോപാല്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.