ചോരക്കുഞ്ഞിനെ കുഴിച്ചുമൂടി: മാതാവ് പോലീസ് കസ്റ്റഡിയില്‍
പത്തനാപുരം: ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയെന്ന് സംശയത്തില്‍ മാതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പിറവന്തൂര്‍ അലിമുക്ക്്, പള്ളിമേലതില്‍ തേക്കുവിള വീട്ടില്‍ കൊച്ചുമോന്റെ ഭാര്യ പുഷ്പവല്ലിയാണ് പോലിസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ 17ന് പുലര്‍ച്ചെ പുഷ്പവല്ലി പ്രസവിച്ചതായി പരിസരവാസികള്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ വീടിനു സമീപമുള്ള മറപ്പുരയില്‍ കുഴിച്ചുമൂടിയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്. കുഞ്ഞിനെ കുഴിച്ചുമൂടിയതായി പറയുന്ന ഭാഗത്ത് വിറക് അടുക്കിവച്ചിട്ടുണ്ട്. പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയും പുഷ്പവല്ലിയെ പുനലൂര്‍ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ ഭര്‍ത്താവ് കൊച്ചുമോന്‍, ജ്യേഷ്ഠത്തിയുടെ മകള്‍ മായ, നാത്തൂന്‍ സുജാത എന്നിവരെയും സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


പുനലൂര്‍ ഡിവൈഎസ്പി കെ.എല്‍.ജോണ്‍ കുട്ടിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഇന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കുട്ടിയെ കുഴിച്ചുമൂടിയതായി സംശയിക്കുന്ന ഭാഗത്ത് പരിശോധന നടത്തും.

കുഞ്ഞിനെ കുഴിച്ചുമൂടിയതാണെന്ന കാര്യത്തില്‍ പിന്നീട് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളു. പ്രസവത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിനെ കുഴിച്ചിടുകയാണ് ചെയ്തതെന്നാണ് യുവതി പോലിസിനോട് പറഞ്ഞത്.