മനുഷ്യക്കടത്ത്: എന്തുകൊണ്ടു നടപടിയെടുത്തില്ലെന്നു കോടതി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തു കേസില്‍ ഉള്‍പ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എന്തുകൊണ്ടു നടപടിയെടുത്തില്ലെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ജാമ്യഹര്‍ജി പരിഗണിക്കവെയാണു ഹൈക്കോടതിയുടെ നിരീക്ഷണം. നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സ്ഥലം മാറിയപ്പോള്‍ മറ്റൊരാളെ നിയമിക്കാതിരുന്നത് എന്തുകൊണ്ടാ ണെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

കേസിലെ രണ്ടാം പ്രതി സൌദി എയര്‍ലൈന്‍സ് അറബി ട്രാന്‍സലേറ്റര്‍ അബ്ദുള്‍ ഹമീദ് സവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു ജസ്റീസ് പി.ഡി. രാജന്‍ ഇക്കാര്യം ചോദിച്ചത്.


കേസ് ഡയറി പരിശോധിച്ചപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കു വ്യക്തമായി. ഈ സാഹചര്യത്തിലാണു മറ്റു നടപടിക്കൊന്നും മുതിരാതെ അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു.

അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നു കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇന്നലെതന്നെ രേഖകള്‍ ഹാജരാക്കാനാണു കോടതി ആവശ്യപ്പെട്ടതെങ്കിലും സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള സന്ദേശം കോടതി പിരിയുന്നതുവരെ ലഭിച്ചില്ല.