പുതിയ താലൂക്കുകള്‍ മേയ് 18നകം പ്രവര്‍ത്തനം തുടങ്ങാന്‍ ഒരുക്കം
Wednesday, April 24, 2013 11:01 PM IST
ഇരിട്ടി: പുതുതായി അനുവദിച്ച താലൂക്കുകളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനകം തുടങ്ങാന്‍ വേണ്ട അടിയന്തര സൌകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റവന്യൂ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്കി. ഇരിട്ടി ഉള്‍പ്പെടെ 12 താലൂക്കുകള്‍ അനുവദിക്കുകയും ഇവയ്ക്ക് ഒരുവര്‍ഷം പ്രവര്‍ത്തിക്കാനുള്ള 33 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു.

സ്ഥിരം സ്ഥലം കണ്െടത്താന്‍ കഴിയുന്നവര്‍ കൂട്ടായി അതു കണ്െടത്തുകയോ അല്ലാത്തപക്ഷം വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുകയോ വേണമെന്നാണു മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ധനമന്ത്രി കെ.എം. മാണി, റവന്യൂമന്ത്രി അടൂര്‍ പ്രകാശ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഈ നിര്‍ദേശം നല്കിയത്. പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ താലൂക്ക് വേഗത്തില്‍ പ്രവര്‍ത്തനം തുടങ്ങി ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നു മുഖ്യമന്ത്രി കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ വിവിധ വകുപ്പുമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.


സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കമായ മേയ് 18നു തന്നെ പുതിയ താലൂക്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നാണു മുഖ്യമന്ത്രിയുടെ ആവശ്യം. മിക്കയിടങ്ങളിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നു താലൂക്ക് ഓഫീസും അനുബന്ധമായി മോട്ടോര്‍ വെഹിക്കിള്‍, സിവില്‍ സപ്ളൈസ് ഓഫീസ് തുടങ്ങിയവയും പ്രവര്‍ത്തിക്കാനുള്ള കെട്ടിടങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.