മോഡിയുടെ ശിവഗിരി സന്ദര്‍ശനം: വിവാദം അനാവശ്യമെന്നു സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തിന് അപമാനകരമാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ശിവഗിരിയിലേക്ക് നരേന്ദ്രമോഡിയെ ക്ഷണിക്കാനുണ്ടായ സാഹചര്യം എന്താണെന്നും ഇതിലെ രാഷ്ട്രീയം നോക്കിയിരുന്നില്ലെന്നും മഠാധിപതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്േടായെന്ന് സംശയിക്കുന്നതായും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

മന്ത്രി ഷിബു ബേബി ജോണ്‍ മോഡിയെ സന്ദര്‍ശിച്ചത് വിവാദമാക്കേണ്ട കാര്യമില്ല. മോഡി ബിജെപി നേതാവു മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രി കൂടിയാണ്. ഇതിനു മുമ്പ് വിഎസ് അടക്കം കേരളത്തിലെ പല മുഖ്യമന്ത്രിമാരും മോഡിയെ സന്ദര്‍ശിച്ചിട്ടുണ്െടന്നും സുകുമാരന്‍ നായര്‍ പറ ഞ്ഞു.

സംസ്ഥാന മന്ത്രിസഭയിലേക്ക് ഇനിയും മന്ത്രിയെ എടുത്താല്‍ അത് ഗണേഷ് കുമാറിനെ തന്നെയായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടും പറയാന്‍ തനിക്ക് അവകാശമുണ്ട്. യാമിനിയുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്ന സാഹചര്യത്തിലാണ് ഗണേഷിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ആദ്യ തവണ ഗണേഷിനെ മന്ത്രിയാക്കുന്നതിനായി മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും നിര്‍ദേശപ്രകാരം താന്‍ ഇടപെട്ടിരുന്നു. ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും നായര്‍സമുദായാംഗങ്ങളായതിനാലാണ് താന്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്. ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായ സമയത്ത് താന്‍ വിളിച്ചെങ്കിലും ഗണേഷ് കുമാര്‍ എത്തിയിരുന്നില്ല.

പ്രതിസന്ധി രൂക്ഷമായി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഗണേഷ്കുമാര്‍ എന്‍എസ്എസിലെത്തിയത്. ആവശ്യങ്ങളുള്ളപ്പോള്‍ മാത്രമാണ് പിള്ളയും ഗണേഷ്കുമാറും പെരുന്നയിലെത്താറുള്ളത്. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇടപെട്ടു പരിഹരിക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. രമേശിന്റെ കേരള യാത്രയിലൂടെ ഭരണത്തിലോ രാഷ്ട്രീയത്തിലോ പ്രത്യേക മാറ്റങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26നു വൈകുന്നേരം നാലിന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പെരുന്നയിലെത്തുമെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.