ഷൊര്‍ണൂര്‍: അവിശ്വാസം കൊണ്ടുവരാനുള്ള സിപിഎം നീക്കം നേതൃത്വം വിലക്കി
Sunday, April 21, 2013 12:05 AM IST
ഷൊര്‍ണൂര്‍: കോണ്‍ഗ്രസുമായി സഹകരിച്ചു ഷൊര്‍ണൂര്‍ നഗരസഭയില്‍ അവിശ്വാസം കൊണ്ടുവരാനുള്ള സിപിഎം തീരുമാനം സംസ്ഥാന നേതൃത്വം വിലക്കി. എം.ആര്‍. മുരളി ചെയര്‍മാനായ നഗരസഭയില്‍ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പ്രാദേശിക ഘടകവും കൌണ്‍സിലര്‍മാരും തീരുമാനിച്ചിരുന്നു.

ഇതിനു സിപിഎം ഷൊര്‍ണൂര്‍-കുളപ്പുള്ളി ലോക്കല്‍ കമ്മിറ്റികള്‍ അനുകൂലമായ നിലപാടു സ്വീകരിക്കുകയും ഒറ്റപ്പാലം ഏരിയാ കമ്മിറ്റി, ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം ഇതിനെതിരായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നഗരസഭാ ബജറ്റിനുശേഷമാണു കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ അവിശ്വാസത്തിനു തീരുമാനമെടുത്തത്.

എന്നാല്‍, മേയ് പത്തുവരെ നോക്കിയശേഷം മാത്രം കടുത്ത നടപടികള്‍ക്കു മുതിര്‍ന്നാല്‍ മതിയെന്ന നിലപാടാണു ഡിസിസി നേതൃത്വം കൈക്കൊണ്ടത്. മുന്‍ധാരണ പ്രകാരം മേയ് പത്തിനകം മുരളി അധികാരമാറ്റം നടത്തുമോയെന്നു കാത്തിരുന്നു കാണാം എന്നായിരുന്നു തീരുമാനം. ഇതിനിടെ മുരളി വീണ്ടും സിപിഎമ്മിലേക്കു പോകുന്നുവെന്നതടക്കമുള്ള പ്രചാരണങ്ങള്‍ വീണ്ടും ഉയര്‍ന്നതോടെ മുരളിയുടെ തിരിച്ചുവരവ് ഇഷ്ടപ്പെടാത്ത പ്രാദേശിക സിപിഎം നേതൃത്വം അവിശ്വാസത്തിനു തയാറെടുക്കുകയായിരുന്നു. ഇതാണു സംസ്ഥാന നേതൃത്വം ഇടപെട്ടു തടഞ്ഞത്. അതേസമയം, എം.ആര്‍. മുരളി ചെയര്‍മാന്‍പദം ഒഴിയില്ലെന്നു പ്രഖ്യാപിച്ചതോടെ ഇനി എന്താണു ചെയ്യേണ്ടതെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ സ്ഥാനവും സ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും ഒഴിയുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്.


എന്നാല്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് സ്ഥാനാര്‍ഥിയാകാനിരുന്ന മുരളിയെ അതില്‍നിന്നു മാറ്റിയെന്നും പകരം അഞ്ചുവര്‍ഷവും ചെയര്‍മാന്‍പദം മുരളിക്കു തന്നെ നല്കാമെന്നു കെ.സുധാകരന്‍ എംപി കെപിസിസി തീരുമാനമായി മുരളിയെ അറിയിച്ചിരുന്നുവെന്നുമാണു ജെ.വി.എസ് പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.