വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; സൂര്യാഘാതമെന്നു സംശയം
പഴയങ്ങാടി (കണ്ണൂര്‍): പട്ടാപ്പകല്‍ വീടിന്റെ മേല്‍ക്കൂരയില്‍ പാകിയ ഓടുകള്‍ പൊട്ടിത്തകര്‍ന്നു. സൂര്യാഘാതത്തെ തുടര്‍ന്നാണു മേല്‍ക്കൂര തകര്‍ന്നതെന്നു നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഏഴോം മൂന്നാംപീടികയ്ക്കു സമീപമായിരുന്നു സംഭവം. ഇട്ടമ്മല്‍ ഒതേനന്റെ (70) വീടിന്റെ മേല്‍ക്കൂരയിലെ ഓടുകളാണു കടുത്ത ചൂടില്‍ തകര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ഓടെയായിരുന്നു സംഭവം. ഈസമയം വീട്ടിലുണ്ടായിരുന്ന ഒതേനനു പുറത്തേക്ക് ഓടുന്നതിനിടെ വീണു പരിക്കേറ്റു.


ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീടിന്റെ രണ്ടാംനിലയിലെ മേല്‍ക്കൂരയിലെ ഓടുകള്‍ വരാന്തയിലെ മേല്‍ക്കൂരയിലെ ഓടുകളില്‍ വീണാണു തകര്‍ന്നത്. വിവരമറിഞ്ഞു ടി.വി. രാജേഷ് എംഎല്‍എ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.