അന്തര്‍സംസ്ഥാന നദീജലം: കേരള-തമിഴ്നാട് മന്ത്രിതല ചര്‍ച്ച 28ന്
തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജല തര്‍ക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരള-തമിഴ്നാട് മന്ത്രിതല ചര്‍ച്ച നടത്തും. 28നു തിരുവനന്തപുരത്തു ചര്‍ച്ച നടത്താമെന്നു തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. തമിഴ്നാടിനെ പ്രതിനിധീകരിച്ചു പൊതുമരാമത്ത് മന്ത്രി കെ.വി.രാമലിംഗം ചര്‍ച്ചയില്‍ പങ്കെടുക്കും. 28ന് ചര്‍ച്ച നടത്തുന്നതിനു കേരളം സന്നദ്ധമാണോ എന്നു ചോദിച്ചുള്ള കത്ത് ജലസേചന മന്ത്രിക്കു ലഭിച്ചിരുന്നു. അന്നു ചര്‍ച്ചയ്ക്കു തയാറാണെന്നു കേരളം മറുപടിയും നല്കിയിട്ടുണ്ട്. തിരുവനന്തപുരത്തു മസ്കറ്റ് ഹോട്ടലിലായിരിക്കും ചര്‍ച്ച.


പറമ്പിക്കുളം ആളിയാര്‍ കരാര്‍ അനുസരിച്ചുള്ള വെള്ളം കേരളത്തിനു ലഭിക്കാത്ത പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി മൂന്നു തവണ തമിഴ്നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ മന്ത്രിതല ചര്‍ച്ചയ്ക്കു തമിഴ്നാട് തയാറായിട്ടുള്ളത്. കേരളത്തിനായി ജലവിഭവ മന്ത്രി പി.ജെ. ജോസഫ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കും.