യുഡിഎഫ് വിടുന്നതിനോടു യോജിപ്പില്ലെന്ന് ഷാജു
ആലപ്പുഴ: വ്യക്തമായ നയമില്ലാതെ യുഡിഎഫ് മുന്നണി വിടുന്നതിനോടു യോജിപ്പില്ലെന്ന് ജെഎസ്എസ് നേതാവ് കെ.കെ. ഷാജു. ആലപ്പുഴയില്‍ ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗം പൂര്‍ത്തിയാകുന്നതിനു മുമ്പേ പുറത്തേക്കിറങ്ങിയ ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ഗൌരിയമ്മയുടെ തീരുമാനം അംഗീകരിക്കുമെന്നു പറഞ്ഞ ഷാജു പക്ഷേ, സിപിഎമ്മിലേക്കു പോകുന്നതിനോടു യോജിപ്പു പ്രകടിപ്പിച്ചില്ല. സിപിഎം, എല്‍ഡിഎഫ്, യുഡിഎഫ്- ഇതിലേതിലാണ് ജെഎസ്എസ് നില്‍ക്കാനുദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഷാജുവിന്റെ ആവശ്യം. പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കാണോയെന്ന ചോദ്യത്തിന്, യോഗം കഴിഞ്ഞപ്പോള്‍ ഇറങ്ങിയതാണെന്നായിരുന്നു മറുപടി.


യോഗത്തില്‍ യുഡിഎഫ് വിടുകയെന്ന നിലപാടിനെ ഷാജു ശക്തിയുക്തം എതിര്‍ത്തതായാണു സൂചന. പ്രത്യയശാസ്ത്രപരമായി എന്തു സാധ്യതയാണു സിപിഎമ്മിലുള്ളതെന്ന് ഗൌരിയമ്മ വ്യക്തമാക്കണമെന്ന് ഷാജു ആവശ്യപ്പെട്ടെന്നും പറയുന്നു. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ കീഴില്‍ ജെഎസ്എസിനെ കെട്ടിയിടുന്നതിനോടു താത്പര്യമില്ലെന്ന സൂചനയാണ് അദ്ദേഹം നല്കിയതെന്നും പറയുന്നു. യോഗത്തില്‍നിന്നിറങ്ങിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചുകൊണ്ടിരുന്ന ഷാജുവിനെ ചിലര്‍ തടസപ്പെടുത്താനും ശ്രമിച്ചിരുന്നു.